കായംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല്; ഏഴു പേര്‍ക്ക് പരുക്ക്
കായംകുളം: നഗരസഭ സെന്‍ട്രല്‍ ബസ്സ്റ്റാന്റ് വിഷയത്തില്‍ കൂടിയ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല്. കൂട്ടത്തല്ലില്‍ ഏഴു പേര്‍ക്ക് പരുക്ക്. പട്ടണത്തില്‍ വരാന്‍ പോകുന്ന സെന്‍ട്രല്‍ പ്രൈവറ്റ് ബസ്സ്റ്റാന്റ് വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് വിളിച്ചു ചേര്‍ത്ത യോഗമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില അനിമോന്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചതിനു മറുപടി പറയുന്നതിനിടയില്‍ യു.ഡി.എഫിലെ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ നവാസ് മുണ്ടകത്തില്‍ ബഹളം വെച്ചു ഷാമിലയുടെ സംസാരം തടസ്സപ്പെടുത്തി. ഇതിനെതിരെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും രംഗത്ത് വന്നു. എല്‍.ഡി.എഫ്-യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു. ഇതിനിടയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളിലെ ഡയസ് മേശ തള്ളി മറിച്ചിടുകയും ചെയ്തു. കൂട്ടത്തല്ല് അര മണിക്കൂറോളം തുടര്‍ന്നു. എല്‍.ഡി.എഫിലെ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ഗിരിജ, കൗണ്‍സിലര്‍മാരായ വി.എസ് അജയന്‍, ശശികല, ജലീല്‍ പെരുമ്പളത്ത്, ഷാമില അനിമോന്‍ യു.ഡി.എഫിലെ ഷീജ നാസര്‍, ഷാനവാസ് എന്നിവര്‍ക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമായ കൗണ്‍സിലര്‍ വി.എസ് അജയനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ബാക്കിയുള്ളവരെ കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബഹളത്തിനിടയില്‍ വിവാദമായ ബസ്സ്റ്റാന്റ് വിഷയം ചെയര്‍മാന്‍ എന്‍. ശിവദാസന്‍ പാസ്സാക്കുകയും ചെയ്തതിന് ശേഷം കൗണ്‍സില്‍ ഹാള്‍ വിട്ടു പോകുകയും ചെയ്തു.
തുടര്‍ന്നു ബസ്സ്റ്റാന്റ് വിഷയം പാസ്സാക്കിയത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ കൗണ്‍സില്‍ ഹാള്‍ ഉപരോധിച്ചു. ബസ്സ്റ്റാന്റ് വിഷയത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വികസനത്തിന് എതിരല്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ അറിയിക്കുകയും ചെയ്തു. വന്‍ പോലിസ് സന്നാഹത്തില്‍ ആണ് കൗണ്‍സില്‍ യോഗം കൂടിയതും കൗണ്‍സില്‍ യോഗം കൂടുമ്പോള്‍ ഹാളിന് വെളിയില്‍ യൂത്ത് ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും പ്രതിഷേധം മാര്‍ച്ച് അരങ്ങേറുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി ഇതിനിടയില്‍ നഗരസഭ ഗേറ്റ് ചാടാന്‍ ശ്രമിച്ച ഭരണകക്ഷിയിലെ അംഗവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനും ആയ കരിഷ്മ ഹാഷിമിന്റെ ഭര്‍ത്താവും യൂത്ത് കോണ്‍ഗ്രസ്സ് നേതാവുമായ ഹാഷിം സേട്ടിനെ സി.ഐ കസ്റ്റഡിയില്‍ എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."