മിസൈല്‍ ആക്രമണങ്ങള്‍ക്കിടെ യമനില്‍ സൈനിക നടപടി ശക്തമാക്കി സഖ്യസേന; ഹൂതി കമാണ്ടര്‍ കൊല്ലപ്പെട്ടു, ഓപ്പറേഷന് കണ്ട്രോള് റൂം തകര്‍ത്തു
റിയാദ്: ഏതാനും ദിവസങ്ങളായുള്ള മിസൈല്‍, ആയുധ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ യമനില്‍ വീണ്ടും സൈനിക നടപടി ശക്തമാക്കി സഊദി. ഏറെക്കാലമായി തുടരുന്ന സൈനിക നടപടിയില്‍ യാതൊരു ഫലവും ഇല്ലെന്നിരിക്കെ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ സൈനിക നടപടിയില്‍ ഇനിയെങ്കിലും ഫലം കാണുമോയെന്ന ആശങ്കക്കിടെയാണ് നടപടികള്‍ കടുപ്പിച്ചതായി അറബ് സഖ്യസേന അറിയിച്ചത്.
യമനിലെ ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് നടപടികള്‍ ശക്തമാക്കിയത്. യമന്‍ തലസ്ഥാനമായ സന്‍ആയിലെ ധമാര്‍ കേന്ദ്രമാക്കി ഹൂതികളുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തിയതായി സൈനിക അധികൃതര്‍ അറിയിച്ചു. ഇവിടെ നിന്നാണ് ഹൂതികള്‍ സഊദിക്ക് നേരെ ഡ്രോണുകളും മിസൈലുകളും വിക്ഷേപിക്കുന്നതെന്നാണ് ഇവരുടെ വാദം.
ഇവിടെയുള്ള ഹൂതി സൈനിക ബേസാണ് തങ്ങള്‍ ആക്രമിച്ചതെന്ന് സൈനിക വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. എന്നാല്‍ ജയിലിനു നേരെയാണ് ആക്രമണം നടത്തിയതെന്ന വാദം ഇദ്ദേഹം തള്ളി. അതിനിടെ, പടിഞ്ഞാറന്‍ യമനിലെ ഹജ്ജ പ്രവിശ്യയില്‍ നടന്ന സൈനിക നീക്കത്തിനിടെ മുതിര്‍ന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടതായി സഖ്യസേന അറിയിച്ചു. ആറോളം സൈനിക നടപടികളാണ് ഇവിടെ നടത്തിയത്. ഹൂതി സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടതിന് പുറമെ നിരവധി സഹായികള്‍ക്ക് പരിക്കുകളേറ്റതായും സഖ്യം അറിയിച്ചു. ഹൂതി ഓപ്പറേഷന് കണ്ട്രോള് റൂം തകര്‍ത്തതായും യമന്‍ സൈന്യം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."