മാലിന്യമുക്ത പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; നാദാപുരത്ത് മാലിന്യങ്ങളെല്ലാം പൊതുവഴിയില്‍
നാദാപുരം: നാട്ടിന്‍പുറങ്ങളിലെ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് പതിവാകുന്നു. ഈ മാസം ഒന്നുമുതല്‍ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച നാദാപുരത്ത് പൊതുസ്ഥലങ്ങളില്‍ വീട്ടിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് അധികൃതര്‍ക്ക് തലവേദനയായിരിക്കുകയാണ്.
പഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതുജന സഹകരണത്തോടെ നീക്കം ചെയ്യുകയും ഒന്ന് മുതല്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് പൊതു സ്ഥലങ്ങള്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നത്. ഇവയിലധികവും വീടുകളില്‍ ഉപയോഗിച്ചു പുറം തള്ളുന്ന മാലിന്യങ്ങളാണ്. ഇത്തരത്തില്‍ മാലിന്യം തള്ളിയതിന് കഴിഞ്ഞ ദിവസം യുവാവിനെ നാട്ടുകാര്‍ കൈയോടെ പിടികൂടുകയും പൊലിസ് ഇയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. രാത്രിയുടെ മറവിലാണ് മാലിന്യം തള്ളല്‍ നടക്കുന്നത്.
പഞ്ചായത്തിന്റെ അധീനതയിലുള്ള മാലിന്യ സംസ്‌കരണ പ്‌ളാന്റ് സമരത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയതോടെ നാദാപുരത്തും കല്ലാച്ചിയിലും മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനമില്ലാതായി.
കരാറെടുക്കുന്ന ഏജന്‍സികള്‍ മൂന്നു മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് മാലിന്യം നീക്കം ചെയ്യുന്നത്.
മഴക്കാലം ശക്തമായതോടെ ജല ജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനിടയില്‍ മാലിന്യ നിക്ഷേപവും ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."