രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്, മക്കള്‍ക്കായി പടവെട്ടി നേതാക്കള്‍
ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ക്കു സീറ്റ് തരപ്പെടുത്തുന്നതിനായി രാഷ്ട്രീയ നേതാക്കളുടെ കടുത്ത സമ്മര്‍ദം. കോണ്‍ഗ്രസിലെയും ബി.ജെ.പിയിലെയും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളാണ് മക്കള്‍ക്കു സീറ്റിനായി ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നത്. മക്കള്‍ക്കു സീറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ കുറഞ്ഞപക്ഷം ബന്ധുക്കളിലാര്‍ക്കെങ്കിലും ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട തിയതി അടുക്കുകയാണ്. കോണ്‍ഗ്രസിലെയും ബി.ജെ.പിയിലെയും മുന്‍ എം.എല്‍.എമാര്‍, നിലവിലുള്ള എം.എല്‍.എമാര്‍, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍, ബി.ജെ.പിയിലെ നിലവിലെ മന്ത്രിമാര്‍ എന്നിവരാണ് മക്കളുടെ സ്ഥാനാര്‍ഥിത്വത്തിനായി കഠിനാധ്വാനം ചെയ്യുന്നത്. വെസ്റ്റ് ബിക്കാനീര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ മകന്‍ വിജയ്‌മോഹന്‍ ജോഷിക്കു ടിക്കറ്റ് നല്‍കണമെന്ന് ഈ മണ്ഡലത്തിലെ നിലവിലെ ബി.ജെ.പി എം.എല്‍.എ ഗോപാല്‍ കൃഷ്ണ ജോഷി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മണ്ഡലത്തില്‍നിന്നു രണ്ടു തവണ വിജയിച്ചയാളാണ് ഗോപാല്‍ കൃഷ്ണ ജോഷി.
പാര്‍ട്ടി ദേശീയ നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നു ജോഷിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച ഒരറിയിപ്പും തനിക്കു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജയ്പൂര്‍ ജില്ലയിലെ വിദ്യാനഗര്‍ മണ്ഡലത്തിലെ നിലവിലെ എം.എല്‍.എ നര്‍പത് സിങ് രാജ്‌വിയും മകന്‍ അഭിമന്യുവിന്റെ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി ശ്രമിക്കുന്നുണ്ട്. മകനു സീറ്റ് കിട്ടുമോയെന്ന കാര്യം വ്യക്തമല്ലെന്നും അതു ലഭിച്ചില്ലെങ്കില്‍ താന്‍ തന്നെയായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടു തവണ ഈ സീറ്റില്‍ വിജയിച്ചയാളാണ് നര്‍പത് സിങ്.
ജയ്പൂര്‍ ജില്ലയിലെ യുവമോര്‍ച്ച പ്രസിഡന്റായ അഭിമന്യു, സീറ്റ് ലഭിക്കാനായി പിതാവിനെ മുന്‍നിര്‍ത്തി സംസ്ഥാന നേതൃത്വത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന യോഗത്തില്‍ 98 സീറ്റുകളില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി അംഗീകരിച്ചിട്ടുണ്ട്. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ ലിസ്റ്റാണ് പ്രഖ്യാപിച്ചതെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം പറയുന്നത്.
അതിനിടെ, മുഖ്യമന്ത്രി വസുന്ധരാ രാജെയുടെ ഭരണത്തിനെതിരായ വികാരം സംസ്ഥാനത്തു ശക്തമാണെന്നതു ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ 2013ല്‍ നിയമസഭയിലെത്തിയ അംഗങ്ങളില്‍ പകുതി പേര്‍ക്കും സീറ്റ് നല്‍കാതെ പുതുമുഖങ്ങളെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തയാറെടുക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മക്കള്‍ക്കായി രംഗത്തിറങ്ങിയിട്ടുണ്ട്. ബുന്ദി മണ്ഡലത്തില്‍നിന്നു രണ്ടു തവണ വിജയിച്ച മമതാ ശര്‍മ മകന്‍ സാമ്രിദ് ശര്‍മയ്ക്കുവേണ്ടിയാണ് അരയും തലയും മുറുക്കി രംഗത്തെത്തിയത്.
2008ലും 2013ലും ബി.ജെ.പിയിലെ അശോക് ദോഗ്രയെ പരാജയപ്പെടുത്തിയാണ് താന്‍ ജയിച്ചതെന്നും ഇത്തവണ മണ്ഡലം മകനു നല്‍കാനാണ് താല്‍പര്യപ്പെടുന്നതെന്നും വ്യക്തമാക്കിയ അവര്‍, സംസ്ഥാന കോണ്‍ഗ്രസ് സെക്രട്ടറി, എ.ഐ.സി.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.
35 ശതമാനം സീറ്റുകളും 50 വയസില്‍ താഴെയുള്ളവര്‍ക്കായി നീക്കിവയ്ക്കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും മമതാ ശര്‍മ ശര്‍മ പറഞ്ഞു. അസിസുദിന്‍ ആസാദ്, ബന്‍വര്‍ലാല്‍ മേഘ്‌വാള്‍ തുടങ്ങിയവരും മക്കള്‍ക്കു സീറ്റ് തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."