ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം സര്‍ക്കാര്‍ വിപുലമായി ആഘോഷിക്കും
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ ചരിത്ര വിധി നടപ്പിലാക്കുന്നതില്‍ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ വിധി ജനങ്ങളിലെത്തിക്കാന്‍ മൂന്നു ദിവസം നീളുന്ന ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികവുമായി സര്‍ക്കാര്‍.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം വിവിധ പരിപാടികളോടെ അടുത്ത മാസം 10 മുതല്‍ 12 വരെ എല്ലാ ജില്ലകളിലും ആഘോഷിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ചരിത്ര പ്രദര്‍ശനം, പ്രഭാഷണങ്ങള്‍, ഡോക്യൂമെന്ററി പ്രദര്‍ശനം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സാംസ്‌കാരിക വകുപ്പും പുരാവസ്തു പുരാരേഖാ വകുപ്പുകളും ചേര്‍ന്നാണ് പരിപാടികള്‍ നടത്തുക.
തിരുവനന്തപുരം ജില്ലയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും കൊല്ലം ജില്ലയില്‍ ജെ. മേഴ്‌സിക്കുട്ടിയമ്മയും പത്തനംതിട്ട ജില്ലയില്‍ മാത്യു ടി തോമസും ആലപ്പുഴ ജില്ലയില്‍ ജി. സുധാകരനും പി. തിലോത്തമനും ഡോ. ടി.എം തോമസ് ഐസകും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
കോട്ടയം ജില്ലയില്‍ കെ. രാജുവും ഇടുക്കിയില്‍ എം.എം മണിയും എറണാകുളം ജില്ലയില്‍ പ്രൊഫ. സി. രവീന്ദ്രനാഥും തൃശൂര്‍ ജില്ലയില്‍ എ.സി മൊയ്തീനും അഡ്വ. വി.എസ് സുനില്‍കുമാറും നേതൃത്വം നല്‍കും.
പാലക്കാട് ജില്ലയില്‍ എ.കെ ബാലനും മലപ്പുറത്ത് ഡോ. കെ.ടി ജലീലും കോഴിക്കോട് ജില്ലയില്‍ ടി.പി രാമകൃഷ്ണനും, എ.കെ. ശശീന്ദ്രനും വയനാട് രാമചന്ദ്രന്‍ കടന്നപ്പള്ളിയും കണ്ണൂര്‍ ജില്ലയില്‍ ഇ.പി ജയരാജനും കെ.കെ ശൈലജയും കാസര്‍കോട് ജില്ലയില്‍ ഇ. ചന്ദ്രശേഖരനും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ശബരിമല സുപ്രിംകോടതി വിധി ജനങ്ങളിലെത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മണ്ഡല - മകര വിളക്ക് നവംബര്‍ 16ന് ആരംഭിക്കുമെന്നതിലാണ് അതിനു മുമ്പുതന്നെ ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."