നന്നാക്കാന്‍ നടപടിയില്ല; കേണിച്ചിറ-ഏരിയപ്പള്ളി റോഡില്‍ സാഹസിക യാത്ര
കേണിച്ചിറ: പാടെ തകര്‍ന്ന കേണിച്ചിറ-മണല്‍വയല്‍-ഏരിയപ്പള്ളി റോഡിലെ യാത്ര ദുഷ്കരമാകുന്നു. റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കേണിച്ചിറ മുതല്‍ ഏരിയപ്പള്ളി വരെ റോഡിനിരുവശത്തും വന്‍ ചാലുകള്‍ രൂപപ്പെട്ടത് കാരണം വാഹനങ്ങള്‍ക്ക് തമ്മില്‍ സൈഡ് കൊടുക്കാന്‍ പോലും കഴിയിയാത്ത സ്ഥിതിയാണ്. അതിരാറ്റുകുന്ന് ശുദ്ധജല വിതരണ പദ്ധതിക്ക് വേണ്ടി പൈപ്പ് ഇടല് പ്രവര്‍ത്തി ആരംഭിച്ചത് മുതലാണ് ഈ റോഡിന്റെ ശോചനീയാവസ്ഥ ആരംഭിച്ചത്.
പൊതുവേ വീതി കുറഞ്ഞ റോഡിന് ഇരുവശത്തും ആഴത്തില്‍ കുഴിച്ച് പൈപ്പ് ഇട്ടത് മുതല്‍ വശങ്ങളില് നീളത്തില്‍ ചാലുകള്‍ രുപപ്പെട്ടു തുടങ്ങി.
കേണിച്ചിറ ടൗണ്‍ മുതല്‍ താഴത്തങ്ങാടി പുഴക്കല്‍ വരെ അപകടം പിടിച്ച യാത്രയാണ് നടത്തേണ്ടി വരുന്നത്. ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. അപകടത്തില്‍ പെടുന്നതിലേറേയും ഇരുചക്രവാഹനയാത്രക്കാരാണ്. പുല്‍പ്പള്ളി-കേണിച്ചിറ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകളും റോഡിന്റെ ശോചനീയാവസ്ഥ മൂലം സര്‍വിസ് നിര്‍ത്തേണ്ടി വരുമെന്ന അവസ്ഥയിലാണ്.
കൊളവയല്‍-കേണിച്ചിറ-എരിയപ്പള്ളി-പുല്‍പ്പള്ളി റോഡ് നന്നാക്കാന്‍ ഫണ്ട് അനുവദിച്ചെന്ന പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും റോഡ് നന്നാക്കാന്‍ നടപടിയായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിലെ കുഴികള്‍ അടച്ച് റീ ടാര്‍ ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് കേണിച്ചിറ തണല്‍ സ്വാശ്രയ സംഘം യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ശശി, റെനിഷ്, സോണീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."