ചുരത്തിലെ സംരക്ഷണഭിത്തി നിര്‍മാണം ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകും
കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ ഇടിഞ്ഞ ഭാഗത്തെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മാണം ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകും. ഇടിഞ്ഞ ഭാഗത്തും സംരക്ഷണ ഭിത്തിക്കുമിടയില്‍ ക്വാറി മിശ്രിതവും മണ്ണും ഇട്ട് നികത്തുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാലുടന്‍ സംരക്ഷണ ഭിത്തിയുടെ ഇരു ഭാഗവും നിലവിലുള്ള ഭിത്തിയിലേക്ക് യോജിപ്പിക്കുന്ന കരിങ്കല്‍ കെട്ടിന്റെ പ്രവൃത്തിയും ആരംഭിക്കും. ഡിസംബര്‍ അവസാനത്തോടെ ടാറിങ് അടക്കമുള്ള മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. വിനയരാജ് പറഞ്ഞു. 1. 86 കോടി ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നത്. ഇടിഞ്ഞ ഭാഗത്ത് പൈലിങ് നടത്തി ഉറച്ച പ്രതലത്തില്‍ 90 സെന്റിമീറ്റര്‍ വരെ കനത്തിലുള്ള ബേ സ്ലാബ് നിര്‍മിച്ച് അതിന് മേലെയാണ് കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി. മുകളിലിടുന്ന മണ്ണിന്റെ ഭാരവും കൂടെ ഉപയോഗപ്പെടുത്തി സംരക്ഷണം ലഭ്യമാകുന്ന രീതിയിലാണ് നിര്‍മാണം. 90 മുതല്‍ 40 സെന്റിമീറ്റര്‍ കനത്തില്‍ നിര്‍മിക്കുന്ന ഭിത്തിക്ക് എട്ടു മീറ്റര്‍ ഉയരവും 40 മീറ്റര്‍ നീളവുമുണ്ട്. ഭിത്തിയുടെ നിര്‍മാണവും മണ്ണിട്ട് നികത്തലും കഴിഞ്ഞാല്‍ ഈ ഭാഗത്തൂടെ വാഹനങ്ങള്‍ കടത്തിവിട്ട് മറുഭാഗത്തെ ഓവുചാല്‍ പുനഃസ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടത്തും. തുടര്‍ന്ന് ഏറ്റവും അവസാനമാണ് റോഡ് ടാറിങ് നടത്തുകയെന്നും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. ജൂണ്‍ 14നുണ്ടായ കനത്ത മഴയിലാണ് ചുരം റോഡില്‍ ഒന്നാം വളവിനും ചിപ്പിലിത്തോടിനുമിടയില്‍ റോഡ് ഇടിഞ്ഞ് ഗതാഗതം പൂര്‍ണമായി നിലച്ചത്. സമീപത്തുകൂടി താല്‍ക്കാലിക റോഡ് നിര്‍മിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വലിയ ചരക്കു വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം കഴിഞ്ഞ ദിവസമാണ് നീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."