മുക്കം ബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ കൂട്ടത്തല്ല്
മുക്കം: മുക്കം സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലി യു.ഡി.എഫില്‍ ഉടലെടുത്ത പ്രതിസന്ധി കൂടുതല്‍ മറനീക്കി പുറത്ത്. കഴിഞ്ഞദിവസം മുക്കം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, ജനറല്‍ സെക്രട്ടറിമാരായ പി.സി ഹബീബ് തമ്പി, പ്രവീണ്‍ കുമാര്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു ഏറ്റുമുട്ടല്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂട്ടതല്ലിനിടെ കത്തി വീശിയതായും ആരോപണമുണ്ട്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മിനുട്‌സ് ബുക്കില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മുക്കം ബാങ്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലന്ന് എഴുതിച്ചേര്‍ത്തതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്.
ഇത് യൂത്ത് കോണ്‍ഗ്രസിന്റെയും ഐ ഗ്രൂപ്പിന്റെയും പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഡി.സി.സി പ്രസിഡന്റ് പ്രസംഗിച്ച് ഇറങ്ങിയ ഉടനെയാണ് ബഹളം തുടങ്ങിയത്. ബഹളം കേട്ട് തിരിച്ചെത്തിയ സിദ്ദീഖ് പ്രശ്‌നം ഏകദേശം പറഞ്ഞ് തീര്‍ത്ത് പോയതിന് ശേഷം വീണ്ടും ബഹളമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. നേരത്തെ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് യൂത്ത് കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയായിരുന്നു. ഇത് മണ്ഡലം കമ്മിറ്റി ഏകപക്ഷീയമായി തള്ളിയതാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിലും പ്രതിസന്ധി രൂക്ഷമാണ്. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബാങ്കില്‍നിന്ന് 6,000 പേരെ അനധികൃതമായി വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി ആരോപിച്ച് സഹകരണ ജനാധിപത്യ സംരക്ഷണ സമിതിയും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."