റവന്യു ജില്ലാ കലോത്സവത്തിനായി വടകര ഒരുങ്ങുന്നു
വടകര: റവന്യൂ ജില്ലാ കലാമേള നവംബര്‍ മൂന്നാംവാരം വടകരയില്‍ നടക്കും. എല്‍.പി, യു.പി വിഭാഗങ്ങള്‍ക്ക് ഇത്തവണ മത്സരമില്ല. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് മാത്രമായിരിക്കും മത്സരം. സംസ്ഥാനതലത്തില്‍ തിയതി പ്രഖ്യാപിച്ചശേഷം മാത്രമേ റവന്യൂ കലാമേളയുടെ തിയതി പ്രഖ്യാപിക്കൂ.
സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍, എം.യു.എം ഹൈസ്‌കൂള്‍, ശ്രീനാരായണ സ്‌കൂളുകള്‍, എസ്.ജി. എം.എസ്.ബി.സ്‌കൂള്‍, സംസ്‌കൃതം ഹൈസ്‌കൂള്‍, പുത്തൂര്‍ ഗവ. ഹൈസ്‌കൂള്‍ തുടങ്ങിയ 20 വേദികളിലായാണ് മത്സരങ്ങള്‍ നടത്തുക. മത്സരാര്‍ഥികള്‍ക്ക് മാത്രമേ ഇത്തവണ ഭക്ഷണം നല്‍കുകയുള്ളൂ. ഭക്ഷണം നല്‍കാനുള്ള ചുമതല മത്സരങ്ങള്‍ നടക്കുന്ന സ്‌കൂളുകള്‍ക്ക് ആയിരിക്കും. കുടുംബശ്രീ, എന്‍.എസ്.എസ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ വേദികള്‍ക്ക് സമീപം ഫുഡ് കോര്‍ട്ടുകള്‍ ആരംഭിക്കാന്‍ ആലോചനയുണ്ട്.
മേള പരിസ്ഥിതി സൗഹൃദമായി നടത്താന്‍ ഇത്തവണ ഗ്രീന്‍ പ്രോട്ടോകോള്‍ എന്ന പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്വാഗതസംഘ രൂപീകരണയോഗം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി. ഗീത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ഗോപാലന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയരക്ടര്‍ സുരേഷ് കുമാര്‍ വിശദീകരണം നല്‍കി. കൗണ്‍സിലര്‍ എം.എം മിനി, എ.ഇ.ഒ കെ. രാജീവന്‍, ജി. മധു, വി.വി വിനോദ്, അധ്യാപക സംഘടനാ പ്രതിനിധികള്‍, പ്രധാനാധ്യാപകര്‍, പി.ടി.എ പ്രസിഡന്റുമാര്‍ സംസാരിച്ചു. കലാമേളയുടെ ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്തു.
സി.കെ നാണു എം.എല്‍.എ (ചെയര്‍മാന്‍), ഇ.കെ സുരേഷ് കുമാര്‍ ഡി.ഡി.ഇ (ജനറല്‍ കണ്‍വീനര്‍) സി. മനോജ് കുമാര്‍ ഡി. ഇ.ഒ (ട്രഷറര്‍) ആയി കമ്മിറ്റി രൂപീകരിച്ചു. 14 ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."