വിദ്യാര്‍ഥികളില്‍ മാനസിക സംഘര്‍ഷം: കൗണ്‍സലര്‍മാരുടെ സേവനം ഉറപ്പാക്കണമെന്ന് ആവശ്യം
കോഴിക്കോട്: പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് ശ്രമങ്ങളുണ്ടാകുമ്പോള്‍ സി.ബി.എസ്.ഇ വിദ്യാലയങ്ങളിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പുറം ലോകമറിയുന്നില്ല.
പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കാനുള്ള ശ്രമങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നത്. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നുണ്ട്. ജില്ലയിലും അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അപ്പോഴും സി.ബി.എസ്.ഇ വിദ്യാലയങ്ങളിലെ കുട്ടികളുടെ കാര്യത്തില്‍ ഇടപെടാനാവുന്നില്ലെന്ന പരാതിയുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തിയ ബാലാവകാശ കമ്മിഷന്റെ അവലോകന യോഗത്തില്‍ കമ്മിഷന്‍ അംഗം അഡ്വ. ശ്രീലാ മേനോന്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി.
സി.ബി.എസ്.ഇ സ്‌കൂളുകളിലേക്ക് എത്തിനോട്ടം അനിവാര്യമാണെന്നും ഇവിടുത്തെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയാന്‍ സംവിധാനം വേണമെന്നും അവര്‍ യോഗത്തില്‍ ആവശ്യമുയര്‍ത്തി. ഇത്തരം വിദ്യാലയങ്ങളില്‍ നിന്ന് നിരവധി പരാതികള്‍ ഉയരുന്നുണ്ട്. എന്നാല്‍ അവയൊന്നും പുറത്തുവരുന്നില്ല, പരിഹരിക്കപ്പെടുന്നുമില്ല. കുട്ടികള്‍ വല്ല കുരുത്തക്കേടും കാണിച്ചാല്‍ ഉടനെ സസ്‌പെന്‍ഷന്‍ നടപടിയാണ് വിദ്യാലയ അധികൃതര്‍ സ്വീകരിക്കുന്നത്. കുട്ടികള്‍ക്ക് സമാശ്വാസമാകുന്ന തരത്തില്‍ ഒരു കൗണ്‍സലിങ് പോലും ഉണ്ടാകുന്നില്ല. പോസ്റ്റുകള്‍ നിലനിര്‍ത്തുകയല്ലാതെ കുട്ടികള്‍ക്ക് ആവശ്യമായ സഹായവും ഇവിടെ നിന്ന് ലഭിക്കുന്നില്ല. ഇംഹാന്‍സ് പോലുള്ള സ്ഥാപനങ്ങളിലെത്തിച്ച് കുട്ടികള്‍ക്ക് ആശ്വാസമാകുന്ന കൗണ്‍സലിങ്ങും നല്‍കുന്നില്ല.
പല വിദ്യാലയങ്ങളിലും കൗണ്‍സലര്‍ പോസ്റ്റുണ്ടെങ്കിലും പലയിടത്തും ഇവരുടെ ജോലി മറ്റു പലതുമാണെന്നും ശ്രീലാ മേനോന്‍ പറഞ്ഞു. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ നിര്‍ബന്ധമായും കൗണ്‍സലര്‍മാരുടെ സേവനം വേണം. കുട്ടികള്‍ക്ക് പറയാനുള്ളത് ശ്രദ്ധാപൂര്‍വം കേള്‍ക്കാന്‍ തന്നെ ഒരാളുണ്ടായാല്‍ അതവര്‍ക്ക് വലിയ അനുഗ്രഹമാണ്. എന്നാല്‍ പല വിദ്യാലയങ്ങളിലും അവരുടെ സേവനം കുട്ടികള്‍ക്ക് ലഭിക്കുന്നില്ല.
പൊതുവിദ്യാലയങ്ങളെയും ഈ കാര്യത്തില്‍ മാറ്റിനിര്‍ത്താനാവില്ല. കൃത്യമായ രീതിയില്‍ അവിടെയും കുട്ടികള്‍ക്കിവരുടെ സേവനം ലഭ്യമാകുന്നില്ല. കഴിഞ്ഞ ദിവസം മുക്കത്തിനടുത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു മരിച്ചിരുന്നു. ചെറിയ മാനസിക പ്രയാസമായിരുന്നു ഈ കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്. വിദ്യാലയങ്ങളില്‍ മികച്ചൊരു കൗണ്‍സിലറുണ്ടായിരുന്നുവെങ്കില്‍ അവരുടെ സഹായം ഉറപ്പാക്കിയിരുന്നുവെങ്കില്‍ ഒഴിവാക്കാനാവുന്നതായിരുന്നു ഈ മരണമെന്നാണ് വിലയിരുത്തല്‍.
ഓരോ ആത്മഹത്യയും ജീവിക്കാനുള്ള മുറവിളികളാണ്. അത്തരം സൂചനകള്‍ ആത്മഹത്യക്കു മുന്‍പ് അവര്‍ കാണിക്കും. അത് തിരിച്ചറിഞ്ഞ് ആവശ്യമായ സഹായം നല്‍കാനായാല്‍ പല ആത്മഹത്യകളും ഒഴിവാക്കാനാവും. സര്‍ക്കാര്‍ സ്‌കൂളുകളിലും സി.ബി.എസ്.ഇ സ്‌കൂളുകളിലും നിര്‍ബന്ധമായും മികവുറ്റ കൗണ്‍സലര്‍മാരുടെ സേവനം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."