മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരണമോ എന്ന് ഹൈക്കോടതി
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരണമോ എന്ന് ഹൈക്കോടതി. പി.ബി അബ്ദുല്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട കെ സുരേന്ദ്രന് നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. പി.ബി.അബ്ദുല്‍ റസാഖ് മരിച്ച സാഹചര്യത്തിലാണിത്.
കള്ളവോട്ട് നേടിയാണ് അബ്ദുല്‍ റസാഖ് വിജയിച്ചതെന്നും അതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന് ഹരജി നല്‍കിയിരുന്നത്. രണ്ടു ദിവസത്തിനകം മറുപടി നല്‍കാമെന്ന് സുരേന്ദ്രന് കോടതിയെ അറിയിച്ചു.
പി.ബി അബ്ദുല്‍ റസാഖ് വിജയിച്ച തെരഞ്ഞെടുപ്പില്‍ മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് നേടിയിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ വാദം. 89 വോട്ടിനാണ് കെ.സുരേന്ദ്രന് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. അബ്ദുല്‍ റസാഖിന്റെ മരണത്തോടെ ആറ് മാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്നതില്‍ നിര്‍ണായകമാണ് സുരേന്ദ്രന്റെ നിലപാട്.
കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരിക്കുന്നത്. സുരേന്ദ്രന് ഹരജി പിന്‍വലിച്ചാല്‍ തെരഞ്ഞെടുപ്പു നടപടികളുമായി കമ്മീഷനു മുന്നോട്ടു പോകാം. അല്ലെങ്കില്‍ കോടതി തീര്‍പ്പിനായി കാത്തിരിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."