ബദറിന്റെ ത്യാഗം വഴികാട്ടിയാകണം
റമദാന്റെ ചൈതന്യത്തിന് മാറ്റുകൂട്ടുന്ന ഒരു സ്മരണയാണ് ബദറ്. മക്ക-മദീന നഗരങ്ങള്‍ക്കിടയിലുള്ള ആ കൊച്ച് പ്രദേശത്ത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നാമമാത്രമായ മണിക്കൂറുകള്‍ നീണ്ടു നിന്ന ഒരു ധര്‍മ സമരം നടന്നു. ആ യുദ്ധം ബദറ് എന്ന നാമം അനശ്വരമാക്കി. ബി.സി 1500നും എ.ഡി 2000ത്തിനുമിടക്കുള്ള മൂന്നര സഹസ്രാബ്ദത്തില്‍ 237 വര്‍ഷങ്ങള്‍ മാത്രമേ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ മാറി നിന്നിട്ടുള്ളൂ എന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക് നിരീക്ഷിച്ചിട്ടുണ്ട്. യൂറോപ്യന്‍ ചരിത്രത്തിലെ നൂറു വര്‍ഷ യുദ്ധമടക്കം നിരവധി പോരാട്ടങ്ങള്‍ക്ക് ലോകം വേദിയായി. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ ആധുനിക ലോകക്രമത്തെ ആടിയുലച്ച് കൊണ്ട് കടന്ന് പോയി. പക്ഷേ വേറൊരു പോരാട്ടത്തിന് ലഭിക്കാത്ത ഖ്യാതിയാണ് ബദറ് നേടിയെടുത്തത്.
ഖുര്‍ആനില്‍ പ്രത്യക്ഷമായും പരോക്ഷമായും അനവധി സൂക്തങ്ങള്‍ ബദറ് യുദ്ധത്തിന്റെ പ്രാധാന്യവും പോരാളികളുടെ അപദാനങ്ങളും വിളിച്ചു പറയുന്നു. യുദ്ധം മൂര്‍ധന്യദിശയിലെത്തിയ നേരം പ്രവാചകന്‍ സുജൂദില്‍ വീണ് കിടന്ന് കണ്ണുനീര്‍ തുള്ളികളുടെ അകമ്പടിയോടെ അല്ലാഹുവിനോട് കേഴുന്നുണ്ട്. 'ഈ സംഘത്തെ നീ നാമാവശേഷമാക്കിയാല്‍ ഭൂമിയില്‍ നീ ആരാധിക്കപ്പെടുകയില്ല'. വിശുദ്ധ ദീനിന്റെ അതിജീവനത്തിന്റെ ആധാരം ബദറ് വിജയമാണ്, എന്നീ പ്രാര്‍ഥനയില്‍ നിന്നും വ്യക്തമാണ്.
അന്ത്യനാള്‍ വരെയുള്ള സത്യവിശ്വാസികള്‍ ബദറ് പോരാളികളോട് കടപ്പെട്ടവരായി തീരുന്നതും അതുകൊണ്ട് തന്നെ. നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട പ്രഥമ റമദാനിലാണ് ഈ യുദ്ധം നടന്നത്. റമദാന്‍ പകലുകള്‍ ഉറക്കത്തിന്റെയും അലസതയുടേതുമല്ല, ഊര്‍ജസ്വലതയുടെ കാലമാകണം അത്, എന്ന് ബദര്‍ നമ്മേ ഓര്‍മിപ്പിക്കുന്നു. നോമ്പുകാരന്റെ ഉറക്കം ആരാധനയാണ്, എന്ന പ്രവാചകന്റെ പ്രശംസാ വാചകത്തിന്റെ മറവില്‍ നോമ്പ് നിദ്രാപൂരിതമാക്കുന്നവര്‍ ബദറില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. 'സത്യവിശ്വാസികളെ , വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുന്ന ഒരു സംരംഭത്തെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. അല്ലാഹുവിലും പ്രവാചകനിലും അടിയുറച്ച് വിശ്വസിക്കുവാന്‍ നിങ്ങളുടെ ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും ദൈവമാര്‍ഗത്തില്‍ പരിശ്രമിക്കുക ',എന്ന ഖുര്‍ആനിക വചനത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ച ബദറ് പോരാളികള്‍ , ലോകാവസാനം വരെ അനുസ്മരിക്കപ്പെടുന്നതില്‍ അത്ഭുതമില്ല. നിത്യജീവിത വിജയത്തിന് ഗുണമായ നിരവധി പാഠങ്ങള്‍ ബദറ് നമ്മള്‍ക്ക് സമ്മാനിക്കുന്നു. ദൃഢവിശ്വാസം,ഏത് പ്രതിസന്ധിയിലും നമുക്ക് കരുത്താകണം. പ്രയാസങ്ങളും പരീക്ഷണങ്ങളും പതിന്മടങ്ങ് വര്‍ധിച്ച വര്‍ത്തമാന ലോകക്രമത്തില്‍ ആദര്‍ശത്തിന്റെ കാവലാളുകളായി ക്ഷമയുടെ മിനാരങ്ങളായി സഹനത്തിന്റെ സ്‌നേഹിതരായി വിജയത്തിന്റെ ഭാസുര ഭാവിയിലേക്ക് ചുവട് വയ്ക്കാന്‍ ബദറ് നമ്മേ പ്രേരിപ്പിക്കുന്നു.
'പ്രതിസന്ധികളും വിഷമ-വിഷാദങ്ങളും നേരിടാതെ വിശ്വാസികള്‍ക്ക് ഭൂമിയിലൂടെ കടന്ന് പോകാമെന്ന് നിങ്ങള്‍ ധരിക്കരുത്. മുന്‍ഗാമികളും നിരവധി ത്യാഗത്തിന്റെ തീച്ചൂളകള്‍ കടന്നു പോയവരാണ്. പരീക്ഷണങ്ങള്‍ വിശ്വാസമളക്കാനുള്ള മാപിനികള്‍ മാത്രം. യഥാര്‍ഥ വിശ്വാസികളെയും കപടന്മാരെയും ലോകം തിരിച്ചറിയുന്നത് പരീക്ഷണ ഘട്ടത്തിലാണ് '.
ഖുര്‍ആനിന്റെ ഈ അധ്യാപനത്തിന് ഏറെ പ്രസക്തിയുണ്ട് ഇക്കാലത്ത്. ഇസ്‌ലാമിന്റെ സംരക്ഷണത്തിന് ജീവന്‍ ബലി കൊടുക്കുന്നവരെ ആദരവോടെ അനുസ്മരിക്കുക.ഒപ്പം ഇനി വരുന്നൊരു തലമുറക്കായി നന്മയുടെ വഴിയടയാളങ്ങള്‍ കരുതി വക്കുക നാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."