ജ്വലിച്ചുയരാന്‍
തിരുവനന്തപുരം: പുതിയ വേഗവും ഉയരവും ദൂരവും തേടി കേരളത്തിന്റെ കായിക കൗമാരം ഇന്ന് ട്രാക്കിലേക്ക്. അനന്തപുരിയുടെ മണ്ണില്‍ ഇനി മൂന്നുനാള്‍ കായിക കരുത്ത് തെളിയിക്കാനെത്തിയ കൗമാരത്തിന്റെ പോരാട്ടം. 62 ാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഇന്ന് ട്രാക്കുണരും. രാവിലെ ഏഴിന് ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഫൈനല്‍ പോരാട്ടത്തോടെയാണ് ചാംപ്യന്‍ഷിപ്പിന് തുടക്കമാവുന്നത്. ആദ്യ ദിനത്തില്‍ 31 ഫൈനലുകള്‍ നടക്കും. 1821 താരങ്ങളാണ് മത്സരിക്കാന്‍ എത്തുന്നത്. 950 ആണ്‍കുട്ടികളും 871 പെണ്‍കുട്ടികളും. ഇത്തവണ പ്രളയം തീര്‍ത്ത കടമ്പ കടക്കാനാവാതെ റവന്യു ജില്ലാതലത്തിലെ മൂന്നാം സ്ഥാനക്കാര്‍ ചാംപ്യന്‍ഷിപ്പിന് പുറത്താണ്. 700 ലേറെ താരങ്ങളുടെ കുറവാണ് ഇത്തവണയുള്ളത്.
പ്രളയ ദുരന്ത പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കി ചാംപ്യന്‍ഷിപ്പ് നടത്താന്‍ തീരുമാനിച്ചതോടെ കൗമാര കായികോത്സവത്തിന് പഴയ പകിട്ടില്ല. വിജയികള്‍ക്ക് മെഡലുകളും ട്രോഫികളുമില്ല. ഉദ്ഘാടനവും സമാപനവും ഇത്തവണയില്ല. പതാക ഉയര്‍ത്തലാണ് പ്രധാന ചടങ്ങ്. നിലവിലെ ചാംപ്യന്മാരായ എറണാകുളവും പാലക്കാടും തമ്മിലാണ് കിരീടത്തിനായുള്ള പ്രധാന പോരാട്ടം.
കോഴിക്കോടും കോട്ടയവും തൃശൂരും ചാംപ്യന്മാരെ നേരിടാന്‍ ഉറച്ചു തന്നെയാണ് ഒരുങ്ങിയിട്ടുള്ളത്. തലസ്ഥാനത്തെ 16 സ്‌കൂളുകളിലായാണ് താരങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. സ്‌റ്റേഡിയത്തിന് തൊട്ടടുത്തു തന്നെയുള്ള സിറ്റി സ്‌കൂളിലാണ് ഭക്ഷണം ഒരുക്കിയിട്ടുള്ളത്. 3000 പേര്‍ക്കാണ് ഒരു ദിവസം ഭക്ഷണം തയാറാക്കുന്നത്. ഹരിതചട്ടം പാലിച്ചാണ് ചാംപ്യന്‍ഷിപ്പിന്റെ നടത്തിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."