ബ്ലോക്ക് പഞ്ചായത്ത് യോഗങ്ങള്‍ പ്രഹസനമാകുന്നു
അരീക്കോട്: ബ്ലോക്ക് പഞ്ചായത്തിലെ സുപ്രധാനമായ യോഗത്തെ കുറിച്ച് പഞ്ചായത്തുകളെ അറിയിക്കുന്നത് യോഗം നടക്കുന്നതിന്റെ രണ്ട് മണിക്കൂര്‍ മുന്‍പ് മെയ്, ജൂണ്‍ മാസത്തില്‍ അരീക്കോട് ബ്ലോക്ക് ഓഫിസില്‍ ചേര്‍ന്ന യോഗങ്ങളാണ് അധികൃതരുടെ അനാസ്ഥ കാരണം പ്രഹസനമായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടിന് ചേര്‍ന്ന തൊഴിലുറപ്പ് പദ്ധതിയുടെ മാസാന്ത റിവ്യൂ മീറ്റിങിന്റെ അറിയിപ്പുകള്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ലഭിച്ചത് അതേ ദിവസം 12.30നാണ്. ഇത് കാരണം യോഗത്തിനെത്തിയത് വളരെ ചുരുങ്ങിയ അംഗങ്ങള്‍ മാത്രമാണ്.
പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി, വി.ഇ.ഒ, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍, ഡാറ്റാ എന്‍ഡ്രി ഓപ്പറേറ്റര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഒരു പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി മാത്രമാണ് യോഗത്തിനെത്തിയത്. കിഴുപറമ്പ്, ഊര്‍ങ്ങാട്ടീരി, കുഴിമണ്ണ, അരീക്കോട്, പുല്‍പ്പറ്റ, ചീക്കോട്, കാവനൂര്‍, എടവണ്ണ എന്നീ ഗ്രാമ പഞ്ചായത്തുകളാണ് അരീക്കോട് ബ്ലോക്കിന് കീഴിലുള്ളത്. പഞ്ചായത്തുകളില്‍ പദ്ധതികള്‍ തയാറാക്കുന്ന സമയമായിട്ട് പോലും പെടുന്നനെ മീറ്റിങ് വിളിച്ച് ചേര്‍ത്തതിനോട് അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്ക് യോജിപ്പില്ല. മൂന്ന് ദിവസം മുമ്പെങ്കിലും യോഗവിവരം അറിയിച്ചെങ്കില്‍ മാത്രമെ അസി.സെക്രട്ടറിമാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാനാകൂ.
മെയ് മാസത്തില്‍ യോഗ വിവരം വൈകി അറിയിച്ചതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇനി ആവര്‍ത്തിക്കില്ലെന്നായിരുന്നു ബ്ലോക്ക് പ്രസിഡന്റിന്റെ മറുപടിയെന്നും എന്നാല്‍ ഈ മാസവും യോഗത്തിന്റെ രണ്ട് മണിക്കൂര്‍ മുമ്പാണ് നോട്ടീസ് ലഭിച്ചതെന്നും ഒരു ഗ്രാമ പഞ്ചായത്തിലെ ഓവര്‍സിയര്‍ പറഞ്ഞു.
പെട്ടെന്ന് അറിയിക്കേണ്ട കാര്യങ്ങളുള്ളതിനാല്‍ അടിയന്തിര യോഗമാണ് ചേര്‍ന്നതെന്നും അതുകൊണ്ടാണ് വിവരം അറീയ്ക്കാന്‍ വൈകിയതെന്നും ബി.ഡി.ഒ രാഗേഷ് പറഞ്ഞു. അസി. സെക്രട്ടറിമാരെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിനാലാണ് അവര്‍ യോഗത്തിനെത്തിതിരുന്നതെന്ന് ബി.ഡി.ഒ പറയുന്നുണ്ടെങ്കിലും പഞ്ചായത്തുകളിലേക്ക് അയച്ച നോട്ടീസില്‍ അസി. സെക്രട്ടറിമാരും പങ്കെടുക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."