യുവാവിനെ മോഷണക്കേസില്‍ കുടുക്കി ജയിലിലടച്ച പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പൊക്കുക. പൊലിസിന്റെ ഈ തിയറിയില്‍ കുരുങ്ങിയത് നിരപരാധിയായ യുവാവ്. അവസാനം കുരുക്കിയ പൊലിസുകാര്‍ തന്നെ കുടുങ്ങി. നിരപരാധിയായ യുവാവിനെ മോഷണക്കേസില്‍ കുടുക്കിയ പൊലിസുകാര്‍ക്കു സസ്‌പെന്‍ഷനൊപ്പം കേസില്‍ വിചാരണ റദ്ദാക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിടുകയും ചെയ്തു.
തിരുവനന്തപുരം സ്വദേശി റെജിനെയാണ് വെള്ളറട സ്റ്റേഷനിലെ സി.ഐ.യും എസ്.ഐയും ചേര്‍ന്ന് കള്ളക്കേസില്‍ അകത്താക്കിയത്. 2017 ഒക്ടോബറില്‍ വെള്ളറടയിലെ രണ്ട് കടകളില്‍ നടന്ന മോഷണത്തിലാണു റെജിനെ പ്രതിയാക്കിയത്. നാലു ദിവസത്തോളം റെജിന്‍ പൊലിസ് കസ്റ്റഡിയില്‍ മര്‍ദനത്തിനിരയായി. 21 ദിവസം ജയിലില്‍ കിടന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയാണ് ഈ യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഇറങ്ങിത്തിരിച്ചത്.
റെജിന്റെ ഈ ദുരിതം ഒരു വാര്‍ത്താ ചാനല്‍ വാര്‍ത്തയാക്കി. തുടര്‍ന്ന് സ്‌പെഷല്‍ ബ്രാഞ്ചും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. റെജിനെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കള്ളത്തെളിവ് ഉണ്ടാക്കിയാണ് യുവാവിനെ കുടുക്കിയതെന്നും തെളിഞ്ഞു. ഒരു പഞ്ചായത്ത് മെമ്പറില്‍നിന്ന് റെജിനെതിരേ മൊഴി വാങ്ങിയതിനു ശേഷമാണ് ഇയാളെ പൊലിസ് കള്ളക്കേസില്‍ അകത്താക്കിയത്.
അന്നത്തെ വെള്ളറട സി.ഐയും നിലവില്‍ തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റിലുമുള്ള ജി. അജിത് കുമാര്‍, അന്ന് എസ്.ഐയും ഇന്ന് കൊല്ലം പുത്തൂരില്‍ സി.ഐയുമായ വിജയകുമാര്‍ എന്നിവരെയാണ് അന്വേഷണത്തെ തുടര്‍ന്ന് സര്‍വിസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇവരുടെ വീഴ്ചയെക്കുറിച്ച് ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കാനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."