ഖത്തര്‍ ലോകകപ്പ് ലോഗോ: ആളുകള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം
2022 ഫിഫ ലോകകപ്പിനുള്ള ലോഗോ ഖത്തര്‍ പുറത്തിറക്കി. ഖത്തറിന്റെ സംസ്‌കാരവും നിറവും ഉള്‍ച്ചേര്‍ന്ന് ആധുനികതയില്‍ ചാലിച്ച ലോഗോയാണ് പുറത്തിറക്കിയത്. എന്നാല്‍ ഖത്തറിന്റെ ലോഗോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്.
വളരെ നല്ലതെന്നും പറയുന്നവരും, തീരെ ചേരുന്നില്ലെന്ന് പറയുന്നവരുമുണ്ട്. എന്തായാലും വളരെയേറെ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടിയാണ് ഖത്തര്‍ ലോഗോയെ അവതരിപ്പിച്ചിരിക്കുന്നത്.
ലോകകപ്പ് ആകൃതിയിലും, 8 ആകൃതിയിലുമാണ് ലോഗോ. ലോകകപ്പ് അരങ്ങേറുന്ന എട്ടു സ്റ്റേഡിയങ്ങളെ പ്രതിനിധീകരിക്കുന്നതാണ് 8 രൂപകം.
അറബ് ചിഹ്നങ്ങളും അറബി ഭാഷയുടെ പ്രത്യേകതകളും ഖത്തരീ സംസ്‌കാരവും ഇഴചേരുന്നതാണ് ലോഗോ. ഖത്തരീ ഷാളും ഖത്തരി ഷാളുകളില്‍ പതിക്കാറുള്ള പാറ്റേണുകളും ലോഗോയില്‍ ഇടംപിടിച്ചിട്ടുണ്ട്.
എന്നാല്‍ ഡിസൈനര്‍മാര്‍ക്കിടയില്‍ ലോഗോ പല രീതിയിലാണ് ചര്‍ച്ചയാവുന്നത്. ലോഗോയ്‌ക്കെതിരെ പ്രശസ്ത മലയാളി കാലിഗ്രഫര്‍ ഖലീലുള്ള ചെമ്മനാട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതു കാണുക.
രണ്ടു പാമ്പുകള്‍ ഇണചേരുന്ന രൂപത്തിലായിപ്പോയെന്നും നാഗാലാന്റ് വേള്‍ഡ് കപ്പെന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു.
പൊളിയല്ലേ.. എന്നാണ് അറബ് ലോകത്ത് തിളങ്ങിനില്‍ക്കുന്ന മറ്റൊരു കാലിഗ്രഫര്‍ കരിംഗ്രഫിയുടെ അഭിപ്രായം.
രണ്ടു പോസ്റ്റുകള്‍ക്കിടയിലും പലരും സമ്മിശ്ര കമന്റുകളാണ് ഇട്ടിരിക്കുന്നത്. ഖത്തറിനെപ്പോലൊരു അത്യാധുനിക രാജ്യം അതിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ചാണ് ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പറയുന്നു ചിലര്‍.
ലോഗോയുടെ വെക്ടര്‍, റിവേഴ്‌സ് ഫോമുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ ഭംഗി കിട്ടില്ലെന്നും പലരും പറയുന്നു. എന്തായാലും ഇതാദ്യമായായിരിക്കും ഒരു ലോകകപ്പ് ലോഗോ ഇത്രയേറെ വിശലകനത്തിന് ഇരയാവുന്നത്. അതെന്തായാലും ഖത്തറിന്റെ വിജയം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."