നക്‌സല്‍ മേഖലയില്‍ കഞ്ചാവ് കൃഷിയും വില്‍പനയും; സംസ്ഥാനാന്തര ഹാഷിഷ് വില്‍പനക്കാരന്‍ പിടിയില്‍
തിരുവനന്തപുരം: ഒഡീഷയിലെ നക്‌സല്‍ സ്വാധീന മേഖലയില്‍ കഞ്ചാവ് കൃഷി ചെയ്ത് ഹാഷിഷ് ഓയില്‍ നിര്‍മിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വില്‍പന നടത്തിയിരുന്നയാളും സഹായികളും എക്‌സൈസ് പിടിയിലായി.
അടിമാലി ചാറ്റുപാറ പാറത്താഴത്ത് വീട്ടില്‍ ഷാജിമോന്‍ എന്ന മൂര്‍ഖന്‍ ഷാജി (48), സഹായികളായ ഇടുക്കി കൊന്നത്തടി വില്ലേജില്‍ പെരിഞ്ചാംകുട്ടി മൂലേപറമ്പില്‍ വീട്ടില്‍ മെല്‍ബിന്‍ (43), അടിമാലി ചെറുകുഴയില്‍ രാജേഷ് (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും അന്താരാഷ്ട്രവിപണിയില്‍ 1.8 കോടി രൂപ വിലമതിക്കുന്ന 1.8 കിലോ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.
മാലി സ്വദേശികള്‍ക്ക് ഹാഷിഷ് കൈമാറാനുള്ള നീക്കത്തിനിടെ ഇന്നലെ തിരുവനന്തപുരത്ത് വച്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ഹാഷിഷ് കടത്തിന്റെ സൂത്രധാരനായ ഷാജി ആദ്യമായിട്ടാണ് അറസ്റ്റിലാകുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇയാള്‍ എത്തിച്ച 100 കിലോ ഹാഷിഷ് വിവിധ സ്ഥലങ്ങളിലായി എക്‌സൈസും പൊലിസും പിടികൂടിയിരുന്നു.
മണ്ണന്തലയില്‍ 10 കിലോ ഹാഷിഷ് പിടികൂടിയ സംഭവത്തെ തുടര്‍ന്നാണ് ഷാജിക്കെതിരേ എക്‌സൈസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ നാലുമാസമായി എക്‌സൈസ് സംഘം ഇയാള്‍ക്കുവേണ്ടി തമിഴ്‌നാട്ടിലും കര്‍ണാകടയിലും തെരച്ചില്‍ നടത്തുകയായിരുന്നു.
ഒരുമാസം മുമ്പ് തേനിയില്‍വച്ച് ഇയാളെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഷാജി ഒരു സ്ഥലത്തും സ്ഥിരമായി നിന്നിരുന്നില്ല. തുടര്‍ച്ചയായി താമസസ്ഥലം മാറിക്കൊണ്ടിരുന്ന ഇയാള്‍ നല്‍കുന്ന നിര്‍ദേശപ്രകാരം മെല്‍വിനാണ് ഒഡീഷയില്‍ നിന്നും ഹാഷിഷ് എത്തിച്ചിരുന്നത്. ഷാജി പറയുന്നത് അനുസരിച്ച് കൈമാറുകയും ചെയ്യും. ഹാഷിഷ് പിടികൂടിയ പല കേസുകളിലും ഷാജിയുടെ ബന്ധം കണ്ടെത്തിയെങ്കിലും ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഫലവത്തായിട്ടില്ല.
ഇയാളെ പിടികൂടാനിറങ്ങിയ ഉദ്യോഗസ്ഥരെ കെണിയില്‍പെടുത്തി വിജിലന്‍സ് കേസില്‍ പ്രതിയാക്കപ്പെട്ട സംഭവങ്ങളുമുണ്ട്. നക്‌സല്‍ ബന്ധം കൈമുതലാക്കിയാണ് ഹാഷിഷ് നിര്‍മിച്ചിരുന്നത്. ഇതിന് നക്‌സലുകള്‍ക്ക് പ്രതിഫലവും നല്‍കിയിരുന്നു.
ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫിസര്‍ ആര്‍. സുനില്‍രാജ്, ബൈജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ്. കൃഷ്ണപ്രസാദ്, എസ്. ശിവന്‍, ആര്‍. രാജേഷ്, എസ്. ഷംനാദ്, പ്രവീണ്‍, അരുണ്‍കുമാര്‍, ഷാജികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."