വ്യാപാരിയെ ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമം; രണ്ടുസ്ത്രീകള്‍ പിടിയില്‍
കാസര്‍കോട്: ഫര്‍ണിച്ചര്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി ബ്ലാക് മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലിസ് പിടികൂടി. തച്ചങ്ങാട് ഫര്‍ണിച്ചര്‍ കട നടത്തി വരുന്ന ബാലനടുക്കത്തെ മുഹമ്മദ് ഫൈസലിനെയാണ് അക്രമിച്ചും ബ്ലാക് മെയില്‍ ചെയ്തും പണം തട്ടാനുള്ള ശ്രമം നടന്നത്.
കഴിഞ്ഞ ദിവസം ഫൈസലിന്റെ ബന്ധുവായ യുവാവ് ഫൈസലിനെ വിളിച്ചു കാസര്‍കോട്ടേക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതേ തുടര്‍ന്ന് കാസര്‍കോട്ടെത്തിയ ഫൈസലിനെ യുവാവും മറ്റു രണ്ടുപേരും ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി മര്‍ദിച്ച ശേഷം 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെയും കൊണ്ട് മറ്റൊരു കാറില്‍ കര്ണാടകയിലേക്കുകൊണ്ടു പോകുകയും 32 ലക്ഷം രൂപ തന്നില്ലെങ്കില്‍ സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി പടമെടുത്ത് ഇതുപ്രചരിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. എട്ടു ലക്ഷം രൂപ ഉടന്‍ നല്കിയാല് വിട്ടയക്കാമെന്നു സംഘം പറഞ്ഞതിനെ തുടര്‍ന്ന് ഫൈസല്‍ അമ്മാവനെയും സഹോദരനെയും ഫോണില്‍ ഇക്കാര്യം അറിയിക്കുകയും കാസര്‍കോട് നുല്ലിപ്പാടിയിലേക്കു പണവുമായി എത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഫൈസലിനെയും കൊണ്ട് സംഘം കര്‍ണാടകയില്‍നിന്നു കാസര്‍കോട്ടെത്തിയപ്പോള്‍ പൊലിസ് ഇവരെ വളയുകയും രണ്ടു സ്ത്രീകളെ പിടികൂടുകയുമായിരുന്നു. അതിനിടക്ക് സംഘത്തിലുണ്ടായിരുന്ന പുരുഷന്മാര് ഓടി രക്ഷപ്പെടുകയും ചെയ്തു.
ഫൈസലിന്റെ സഹോദരന് പൊലിസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് നുള്ളിപ്പാടിയില്‍ കാത്തുനിന്നത്. മൂന്നു പുരുഷന്മാരാണ് രക്ഷപ്പെട്ടത്.
സംഭവം സംബന്ധിച്ച് പൊലിസ് അന്വേഷണം നടത്തി വരുന്നു. അതിനിടെ ഫൈസലിന്റെ രണ്ടു മൊബൈല്‍ ഫോണും 32,000 രൂപയും നഷ്ടപ്പെട്ടതായും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."