ഗൗരവ് മേനോന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നിര്‍മാതാവ്
കൊച്ചി: കോലുമിഠായി സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കാതെ കബളിപ്പിച്ചുവെന്ന ബാലതാരം ഗൗരവ് മേനോന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകനും നിര്‍മാതാവും പ്രതികരിച്ചു.
തങ്ങള്‍ ഒരു സൗഹൃദസിനിമയാണ് എടുത്തത്. പ്രതിഫലം നല്‍കില്ലെന്നറിഞ്ഞുകൊണ്ടാണ് എല്ലാവരും ഇതില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചത്. പ്രതിഫലം ഇല്ലാതെ തന്നെ അഭിനയിക്കാമെന്ന് കരാറില്‍ ഒപ്പിട്ടതിന് ശേഷമാണ് ഗൗരവ് മേനോനും അഭിനയിച്ചത്.
40 ലക്ഷം മുതല്‍മുടക്കിയെടുത്ത കോലുമിഠായി ഏഴ് ദിവസം മാത്രമാണ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രം നഷ്ടങ്ങള്‍ മാത്രമാണ് സമ്മനിച്ചതെന്നും മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയത് മാത്രമാണ് ഏകനേട്ടമെന്നും സംവിധായകന്‍ അരുണ്‍ വിശ്വവും നിര്‍മാതാവ് അഭിജിത് അശോകനും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പക്ഷേ പലതവണയായി ഗൗരവിന്റെ പിതാവ് 30000 രൂപ വാങ്ങിയിട്ടുണ്ട്. ചിത്രീകരണവേളയില്‍ യാത്രാചിലവ് ഉള്‍പ്പെടെ 45000 രൂപ വേറെയും നല്‍കിയിട്ടുണ്ട്.
എറണാകുളത്തെ ഒരു കോളജില്‍ സിനിമയുടെ പ്രചരണത്തിനായി കൊണ്ടുപോയിട്ട് പ്രതിഫലം നല്‍കിയില്ലെന്ന ആരോപണവും ഇവര്‍ നിഷേധിച്ചു. ഗൗരവിന്റെ മാതാപിതാക്കളാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍. അറിയാതെ ഗൗരവും ഇതില്‍ പങ്കാളിയാകുകയാണെന്നും അവര്‍ ആരോപിച്ചു. കോലുമിഠായിയില്‍ അഭിനയിച്ച മറ്റു ബാലതാരങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."