ട്രോളിങ് നിരോധനത്തിന് മുമ്പെ മത്സ്യവില കുതിക്കുന്നു
കോഴിക്കോട്: ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുമ്പെ തന്നെ മത്സ്യ വില കുതിക്കുന്നു. ഈ മാസം 14 ന് അര്‍ധരാത്രി മുതലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിക്കുന്നത്. നോമ്പുകാലത്ത് മത്സ്യത്തിന് ആവശ്യക്കാരേറുന്നത് മനസിലാക്കി വില വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഉപഭോക്താക്കളുടെ ആരോപണം.
എന്നാല്‍ ലഭ്യതക്കുറവാണ് വില കൂടാനുള്ള കാരണമായി വില്‍പനക്കാര്‍ പറയുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് ഇപ്പോള്‍ പ്രധാനമായും മീന്‍ എത്തുന്നതെന്നും ഇവര്‍ പറയുന്നു. വിപണിയില്‍ ചെറുമീനുകള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. മത്തിക്കുപോലും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. കിലോ 200 രൂപ. 60 രൂപയുണ്ടായിരുന്ന മത്തിയാണ് ഒരു മാസത്തിനിടെ 100 ഉം കടന്ന് 200ല്‍ എത്തിയത്. അയല കിലോ 250 രൂപയായി. നൂറു രൂപയില്‍ താഴെ മാത്രം വിലയുണ്ടായിരുന്ന ചെറുമത്സ്യങ്ങളായ കോര, മാന്തള്‍, മുള്ളന്‍ തുടങ്ങിയവയ്ക്കും വില ഇരുനൂറിന് മുകളിലായി. വലിയ മീനുകളായ അയ്ക്കൂറ, ആവോലി, ചെമ്പല്ലി തുടങ്ങിയവയ്ക്ക് വില അഞ്ഞൂറ് കടന്നു.
മലബാറുകാരുടെ ഇഷ്ടവിഭവമായ ചെമ്മീനിന് വില ഇരുന്നൂറിന് മുകളിലാണ്. വലിയ ചെമ്മീനിന്റെ വില320 രൂപ മുതലാണ്. പ്രാദേശികമായി പലയിടത്തും പല വിലയാണ്. കിലോക്ക് 100 രൂപയില്‍ കുറഞ്ഞ ഒരു മത്സ്യവും ലഭിക്കാനില്ലാതായതോടെ സാധാരണക്കാരുടെ ഭക്ഷണ മെനുവില്‍ മത്സ്യം അപ്രത്യക്ഷമാവുന്ന സ്ഥിതിയാണ്. വില കുതിച്ചതോടെ നിലവില്‍ പല മീനുകളും സ്റ്റോക് ചെയ്യുന്നത് കച്ചവടക്കാര്‍ നിര്‍ത്തി. മത്സ്യ വില ഉയര്‍ന്നതോടെ മാംസാഹാരത്തിലേക്ക് പലരും തിരിഞ്ഞെങ്കിലും ഇവിടെയും വില കുതിക്കുകയാണ്. മാട്ടിറച്ചിക്ക് വില 240 രൂപ. ആട്ടിറച്ചി കിലോക്ക് 400. എന്നാല്‍ കോഴിയിറച്ചി 220 ല്‍ നിന്ന് 190 ആയി കുറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."