പിണറായി പാലായില്‍ എത്താതിരുന്നത് തോല്‍വി മുന്നില്‍കണ്ട്: ചെന്നിത്തല
പാലാ: എല്‍.ഡി.എഫ് പാലാ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ പിണറായി വിജയന്‍ എത്താതിരുന്നത് തോല്‍വി മുന്നില്‍കണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാല യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലങ്ങോളമിങ്ങോളം മുണ്ട് തലയിലിട്ട് നടക്കുന്ന കോടിയേരിയാണ് പകരം എത്തിയത്. ദയനീയ പരാജയമായിരിക്കും ഉപതെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന് ഉണ്ടാവുക. സമസ്ത മേഖലകളിലും ദുരിതം സമ്മാനിച്ച സര്‍ക്കാരാണ് പിണറായിയുടേത്. പി.എസ്.സി അഴിമതി തെളിഞ്ഞതോടെ ഇടതു മുന്നണിയിലെ അവശേഷിക്കുന്ന യുവജനങ്ങളും പിണറായിയെ കൈവിട്ടുവെന്നും ചെന്നിത്തല പറഞ്ഞു.
പാലായിലെ ജനങ്ങളുടെ വികാരങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ച് തുടര്‍ച്ചയായി 13 തവണ വിജയിച്ച ജനനേതാവാണ് കെ.എം മാണി. റബറിന്റെ നാടായ പാലായില്‍ റബര്‍ കര്‍ഷരെ സംരക്ഷിക്കാന്‍ വിലസ്ഥിരതാ ഫണ്ട് കൊണ്ടുവന്നു. എല്‍.ഡി.എഫ് കടന്നാക്രമണങ്ങളെ എക്കാലത്തും ശക്തിയോടെ നേരിട്ട മാണിയുടെ പാരമ്പര്യം യു.ഡി.എഫ് ഇത്തവണയും നിലനിര്‍ത്തുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കെ.എം മാണിയുടെ ഓര്‍മകളാണ് പാലായില്‍ ഏറ്റവും വലിയ ശക്തിയെന്നും വിശ്വാസികള്‍ക്കും കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച മാണിയുടെ പിന്‍ഗാമിക്ക് ജനം വന്‍ പിന്തുണ നല്‍കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പാലായിലെ ജനവിധി യു.ഡി.എഫിന് അനുകൂലമായാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുമോ എന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെ.എം മാണിയുടെ പ്രതീകാത്മക പ്രതിനിധിയാണ് ജോസ് ടോം എന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. ചരിത്രം ആവര്‍ത്തിക്കാന്‍ പോവുകയാണെന്നും ജോസ് ടോം കെ.എം മാണിയുടെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കണ്ടെത്തലാണെന്നും ചിഹ്നം ഹൃദയത്തിലാണെന്നും ജോസ് കെ. മാണി എം.പി സൂചിപ്പിച്ചു. കെ.എം മാണിക്കു പകരക്കാരനാവില്ലെന്നും പിന്തുടര്‍ച്ചക്കാരനാവാനേ സാധിക്കുകയുള്ളൂവെന്നും സ്ഥാനാര്‍ഥി ജോസ് ടോം പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. പി.ജെ ജോസഫ്, മുസ്‌ലിം ലീഗ് ജന. സെക്രട്ടറി കെ.പിഎ മജീദ്, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി, ആന്റോ ആന്റണി എം.പി, തോമസ് ചാഴികാടന്‍ എം.പി, സി.പി ജോണ്‍, അനൂപ് ജേക്കബ് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ. എന്‍. ജയരാജ് എം.എല്‍.എ, ജോസഫ് വാഴയ്ക്കന്‍, ലതിക സുഭാഷ്, ജോഷി ഫിലിപ്പ്, ഇ.ജെ ആഗസ്തി, സണ്ണി തെക്കേടം, സജി മഞ്ഞക്കടമ്പില്‍, ഫിലിപ്പ് കുഴികുളം, ബിജി ജോജോ, പ്രൊഫ. സതീഷ് ചൊള്ളാനി, എ.കെ ചന്ദ്രമോഹന്‍, റോയി എലിപ്പുലിക്കാട്ട്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസംഗിച്ചു.
മത്സരരംഗത്ത് 14 സ്ഥാനാര്‍ഥികള്‍
പാലാ: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം മത്സര രംഗത്തുള്ളത് 14 സ്ഥാനാര്‍ഥികള്‍. പത്രിക നല്‍കിയിരുന്ന 17 പേരില്‍ രണ്ടുപേരുടേത് സൂക്ഷ്മ പരിശോധനയില്‍ തള്ളിയതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത്. ഒരാള്‍ പരിശോധനയ്ക്കു ശേഷം പത്രിക പിന്‍വലിക്കുകയും ചെയ്തു.
സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഡോ. കെ. പത്മരാജന്‍, ബി.ജെ.പി ഡമ്മി സ്ഥാനാര്‍ഥി ശശികുമാര്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്. ജോസഫ് വിഭാഗത്തിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ജോസഫ് സെബാസ്റ്റ്യനാണ് പത്രിക പിന്‍വലിച്ചത്. അഡ്വ. ജോസ് ടോം, ബേബി മത്തായി എന്നിവര്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളായി നല്‍കിയിരുന്ന പത്രികകള്‍ തള്ളിയെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥികളായി സമര്‍പ്പിച്ച പത്രികകള്‍ അംഗീകരിച്ചു. വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ എസ്. ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു സൂക്ഷ്മ പരിശോധന. പത്രികകള്‍ സെപ്റ്റംബര്‍ ഏഴു വരെ പിന്‍വലിക്കാം.
(നിലവിലുള്ള
സ്ഥാനാര്‍ഥികള്‍)
1. മാണി സി. കാപ്പന്‍
(എന്‍.സി.പി- എല്‍.ഡി.എഫ്)
2. അഡ്വ. ജോസ് ടോം
(സ്വതന്ത്രന്‍- യു.ഡി.എഫ് )
3. എന്‍.ഹരി
(ബി.ജെ.പി- എന്‍.ഡി.എ)
4. ഇഗ്‌നേഷ്യസ് ഇല്ലിമൂട്ടില്‍
(സ്വതന്ത്രന്‍)
5. ജോര്‍ജ് ഫ്രാന്‍സീസ്
(സ്വതന്ത്രന്‍)
6. ബാബു ജോസഫ്
(സ്വതന്ത്രന്‍)
7. മജു (സ്വതന്ത്രന്‍)
8. ബേബി മത്തായി (സ്വതന്ത്രന്‍)
9. ജോബി തോമസ് (സ്വതന്ത്രന്‍)
10. സി.ജെ. ഫിലിപ്പ് (സ്വതന്ത്രന്‍)
11. ജോസഫ് ജേക്കബ്
(സ്വതന്ത്രന്‍)
12. സുനില്‍കുമാര്‍ (സ്വതന്ത്രന്‍)
13. ടോം തോമസ് (സ്വതന്ത്രന്‍)
14. ജോമോന്‍ ജോസഫ്
(സ്വതന്ത്രന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."