ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും 'ക്വാര്‍ട്ടര്‍ ഫൈനല്‍'
ലണ്ടന്‍: ഐ.സി.സി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ വിജയം മാത്രം ലക്ഷ്യമിട്ട് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയും മുന്‍ ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍. വിജയിക്കുന്നതാരോ അവര്‍ക്ക് സെമിയിലേക്ക് കടക്കാം. പരാജയപ്പെടുന്നവര്‍ക്ക് നാട്ടിലേക്ക് വണ്ടി കയറാം. ഫലത്തില്‍ ഇരു ടീമുകള്‍ക്കും ഇന്നത്തെ പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനലാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനെ കീഴടക്കി പ്രതീക്ഷ കാത്ത ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോടേറ്റ തോല്‍വി തിരിച്ചടിയായപ്പോള്‍ സമാന തോല്‍വി ദക്ഷിണാഫ്രിക്കയും നേരിട്ടു.
ശ്രീലങ്കയെ പരാജയപ്പെടുത്തി തുടങ്ങിയ അവരെ പാകിസ്താന്‍ കീഴടക്കിയതോടെയാണ് കാര്യങ്ങള്‍ പരുങ്ങലിലായത്. ഗ്രൂപ്പ് ബിയില്‍ നിലവില്‍ നാല് ടീമുകളും ഓരോ വിജയവും പരാജയവും നേരിട്ട് നില്‍ക്കുകയാണ്. നാളെ ശ്രീലങ്ക- പാകിസ്താന്‍ മത്സരവും അരങ്ങേറും. അവസാന പോരാട്ടത്തില്‍ ആര് ജയിക്കുന്നോ അവര്‍ക്ക് സെമിയിലെത്താം.
ആദ്യ മത്സരത്തില്‍ ബാറ്റിങിലും ബൗളിങിലും തിളങ്ങിയ ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ ബാറ്റിങില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചെങ്കിലും ബൗളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാത്തത് തിരിച്ചടിയായി. മികച്ച സ്പിന്നറായ ആര്‍ അശ്വിനെ കരക്കിരുത്തിയുള്ള ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് വന്‍ വിമര്‍ശനാണ് ക്ഷണിച്ചുവരുത്തിയത്. അതിനാല്‍ ഉമേഷ് യാദവിന് പകരം ഇന്ന് ആര്‍ അശ്വിനെ കളിപ്പിച്ചേക്കും. മികച്ച തുടക്കം കിട്ടിയ ഇന്ത്യക്ക് 350 റണ്‍സിലേറെ സ്‌കോര്‍ ചെയ്യാന്‍ സാധിക്കാഞ്ഞതാണ് ശ്രീലങ്കക്കെതിരായ മത്സരത്തില്‍ സംഭവിച്ച പ്രധാന വീഴ്ച. ഇന്നത്തെ മത്സരവും ബാറ്റിങിനെ തുണയ്ക്കുന്ന അതേ ഓവല്‍ പിച്ചില്‍ തന്നെയാണെന്നതിനാല്‍ ഇന്ത്യ ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യുമെന്ന് ഉറപ്പ്.
മികച്ച പ്രകടനത്തിലൂടെ 350ലേറെ റണ്‍സ് സ്‌കോര്‍ നേടുകയാകും ഇന്ത്യന്‍ ലക്ഷ്യം. അതേസമയം മറുഭാഗത്ത് ദക്ഷിണാഫ്രിക്കയുടെ കരുത്തുറ്റ ബാറ്റിങ് നിരയുണ്ടെന്നതിനാല്‍ മികച്ച ബൗളിങ് ഇന്ത്യ പുറത്തെടുത്താല്‍ മാത്രമേ സ്‌കോര്‍ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളു. മധ്യനിരയില്‍ കോഹ്‌ലിയും യുവരാജും ശ്രീലങ്കക്കെതിരേ പരാജയപ്പെട്ടത് ഇന്ത്യ ആശങ്കയോടെ കാണുന്ന വസ്തുതയാണ്.
മറുഭാഗത്ത് ദക്ഷിണാഫ്രിക്കയും സമാന അവസ്ഥകളൊക്കെ നേരിടുന്നുണ്ട്. മികച്ച സംഘമുണ്ടായിട്ടും അസ്ഥിരത അവരുടെ പ്രശ്‌നമായി നില്‍ക്കുകയാണ്. നായകന്‍ ഡിവില്ല്യേഴ്‌സിന്റെ ആത്മവിശ്വാസമില്ലാത്ത കളി അവരുടെ മൊത്തം പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഹാഷിം അംലയും ഡു പ്ലെസിസും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. ബൗളിങില്‍ മോണ്‍ മോര്‍ക്കലും ഇമ്രാന്‍ താഹിറും സ്ഥിരത പുലര്‍ത്തുന്നു.
ലോക ക്രിക്കറ്റിലെ കരുത്തുറ്റ ശക്തികള്‍ നിലനില്‍പ്പിനായി രണ്ടും കല്‍പ്പിച്ചിറങ്ങുമ്പോള്‍ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
സാധ്യതാ ടീം: ഇന്ത്യ- വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത്, ധവാന്‍, യുവരാജ്, ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക്, ജഡേജ, ഭുവനേശ്വര്‍, ഉമേഷ് യാദവ് (ആര്‍ അശ്വിന്‍), ബുമ്‌റ.
ദക്ഷിണാഫ്രിക്ക- ഡിവില്ല്യേഴ്‌സ് (ക്യാപ്റ്റന്‍), അംല, ക്വിന്റന്‍ ഡി കോക്ക്, ഡു പ്ലെസിസ്, മില്ലര്‍, ഡുമിനി, ക്രിസ് മോറിസ്, വെയ്ന്‍ പാര്‍നല്‍ (ഫെലുക്വായോ), റബാഡ, മോണ്‍ മോര്‍കല്‍, താഹിര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."