ബി.ജെ.പിയും ജെ.ഡി.യുവും തുല്യ സീറ്റില്‍ മത്സരിക്കും: അമിത് ഷാ
പട്ന: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബി.ജെ.പിയും ജെ.ഡി.യും തുല്യ സീറ്റില്‍ മത്സരിക്കുമെന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ.
ഇന്നലെ പട്നയില്‍ ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാറിന്റെ സാന്നിധ്യത്തിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. എന്നാല്‍, എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്കാന് അദ്ദേഹം തയാറായില്ല.
കഴിഞ്ഞ ദിവസം ബി.ജെ.പി 17 സീറ്റിലും ജെ.ഡി.യു 16 സീറ്റിലും മത്സരിക്കാന്‍ ധാരണയിലെത്തിയെന്നു നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ സീറ്റ് ധാരണ ബി.ജെ.പി അംഗീകരിച്ചിട്ടില്ലെന്നാണ് ഇന്നലെ അമിത് ഷായുടെ വാക്കുകളിലൂടെ വ്യക്തമായത്.
എന്‍.ഡി.എയിലെ സഖ്യകക്ഷികളായ ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) ക്കും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി(ആര്.എല്‍.എസ്.പി) ക്കും അര്‍ഹിക്കുന്ന സീറ്റുകള്‍ നല്‍കുമെന്നും ആരെല്ലാം എത്ര സീറ്റുകളില്‍ മത്സരിക്കുമെന്നതു സംബന്ധിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെളിപ്പെടുത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.
ബിഹാറില്‍ 40 ലോക്സഭാ സീറ്റുകളാണുള്ളത്. 2014ലെ തെരഞ്ഞെടുപ്പില്‍ 32 സീറ്റുകളിലാണ് എന്‍.ഡി.എ വിജയിച്ചിരുന്നത്. ഇത്തവണ ബി.ജെ.പിയും ജെ.ഡി.യുവും 16 സീറ്റുകള്‍ വീതം പങ്കുവയ്ക്കുമെന്നും എല്‍.ജെ.പി ആറും ആര്.എല്‍.എസ്.പി രണ്ടും സീറ്റുകളില്‍ മത്സരിക്കുമെന്നാണ് വിവരം. 2015ലെ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം രൂപീകരിക്കുമ്പോഴുണ്ടായിരുന്ന ജനസമ്മിതി ഇപ്പോള്‍ നിതീഷ് കുമാറിനില്ലെന്നാണ് അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."