ആണവായുധം നിയന്ത്രണങ്ങള്‍ നീക്കി ഇറാന്‍
ടെഹ്‌റാന്‍: മറ്റു രാജ്യങ്ങളുമായുള്ള ആണവ കരാറില്‍നിന്നു പൂര്‍ണമായും പിന്‍മാറുന്നതിന്റെ സൂചന നല്‍കി ഇറാന്‍. രാജ്യത്തെ ആണവ വികസന പദ്ധതികള്‍ക്കു നേരത്തേയുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. 2015ലെ കരാറില്‍നിന്ന് അമേരിക്ക പിന്‍മാറുകയും ഇറാനുമേല്‍ ഉപരോധങ്ങള്‍ കൊണ്ടുവരികയും ചെയ്തതിനു പിന്നാലെ കരാറില്‍നിന്നു പിന്‍മാറുമെന്നു വ്യക്തമാക്കി ഇറാനും രംഗത്തെത്തിയിരുന്നു.
ന്യൂക്ലിയര്‍ റിസര്‍ച്ച്, ഡെവലപ്‌മെന്റ് എന്നിവയ്ക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയാണ് ഇറാന്‍ പ്രസിഡന്റിന്റെ ഉത്തരവ്. 2015ലെ കരാറില്‍നിന്നു പിന്‍വാങ്ങുന്നതിനു മുന്നോടിയായുള്ള മൂന്നാമത്തെ വലിയ നീക്കമായാണ് ഇതു വിലയിരുത്തപ്പെടുന്നത്. ഇറാന്റെ എണ്ണ കയറ്റുമതിക്ക് ഉപരോധമേര്‍പ്പെടുത്തുന്ന അമേരിക്കന്‍ തീരുമാനം പുറത്തുവന്നതിനു പിന്നാലെയാണ് ഇറാന്റെ പുതിയ നീക്കം.
ആണവ വിഷയങ്ങളില്‍ എന്തു ചെയ്യാനും ഇറാന്റെ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷനു നിലവില്‍ പ്രസിഡന്റ് അനുമതി നല്‍കിയിട്ടുണ്ട്. 2015ല്‍ ഇറാന്‍, ചൈന, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളായിരുന്നു ആണവ കരാറില്‍ ഒപ്പുവച്ചത്. എന്നാല്‍, 2018ല്‍ ട്രംപ് ഭരണകൂടം കരാറില്‍നിന്നു പിന്‍വാങ്ങുകയും ഇറാനുമേല്‍ ഉപരോധങ്ങള്‍ കൊണ്ടുവരികയും ചെയ്തതോടെ ഈ കരാറില്‍നിന്നു പിന്‍മാറുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.
ഇറാന്റെ കപ്പല്‍വഴിയുള്ള എണ്ണ കയറ്റുമതിക്ക് അമേരിക്ക ഉപരോധം കൊണ്ടുവന്നത് കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ മറ്റു രാജ്യങ്ങള്‍ക്കു പരിഹാരം കണ്ടെത്താനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഹസന്‍ റൂഹാനി പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
ഇറാന്റെ മൂന്നാമത്തെ നടപടി അസാധാരണമായിരിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം നിലപാടുകളിലൂടെ ഉപരോധ വിഷയത്തില്‍ മറ്റു രാജ്യങ്ങളുടെ ഇടപെടലുകള്‍ക്കു വഴിയൊരുക്കുകയാണ് ഇറാനെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."