കണ്ടനാട് പള്ളി തര്‍ക്കം ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: കണ്ടനാട് പള്ളി തര്‍ക്ക കേസില്‍ ഹൈക്കോടതി ജഡ്ജിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കുമെതിരേ സുപ്രിംകോടതി. സുപ്രിംകോടതിയുടെ വിധി മറികടക്കാന്‍ എന്ത് അധികാരമാണ് ഹൈക്കോടതി ജഡ്ജിക്കുള്ളതെന്നും ജുഡീഷ്യല്‍ ഉത്തരവാദിത്വം എന്താണെന്ന് ജഡ്ജിക്ക് അറിയില്ലേയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ഇങ്ങനെയാണെങ്കില്‍ ജഡ്ജിക്കെതിരേ നടപടിയെടുക്കേണ്ടി വരും. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേരളം നിയമത്തിന് അതീതരാണോയെന്നും ചോദിച്ചു.
സുപ്രിംകോടതി വിധി മറികടന്ന് എറണാകുളം കണ്ടനാട് പള്ളിയില്‍ യാക്കോബായ വിഭാഗത്തിനു പ്രാര്‍ഥനയ്ക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവും കോടതി റദ്ദാക്കി. മലങ്കര സഭയുടെ പള്ളികള്‍ 1934ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്ന 2017ലെ ഉത്തരവ് നിലനില്‍ക്കേ, കണ്ടനാട് പള്ളിയില്‍ യാക്കോബായ വിഭാഗത്തിനും പ്രാര്‍ഥനയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി ഉത്തരവിട്ടതാണ് സുപ്രിംകോടതിയുടെ രോഷത്തിനിടയാക്കിയത്. ഇത് അച്ചടക്ക ലംഘനവും പരമോന്നത കോടതിയെ അധിക്ഷേപിക്കുന്നതുമാണ്. ആരാണ് ഈ ജഡ്ജ്? അദ്ദേഹത്തിന്റെ പേര് എല്ലാവരും കേള്‍ക്കെ ഉറക്കെ പറയൂ. ജസ്റ്റിസ് ഹരിപ്രസാദിന്റെ പേര് പരാമര്‍ശിച്ചുകൊണ്ട് അരുണ്‍ മിശ്ര പറഞ്ഞു.
സുപ്രിംകോടതി വിധിയെ മറികടക്കാന്‍ ഹൈക്കോടതിക്ക് ഒരു അവകാശവുമില്ല. ഇതു തുടര്‍ന്നാല്‍ നടപടിയെടുക്കും. കേരളം നിയമത്തിന് അതീതരാണോ എന്ന് ചോദിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര വിധി നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി ജയിലില്‍ പോകേണ്ടിവരുമെന്ന് ആവര്‍ത്തിച്ചു. കേരളത്തില്‍ നിരന്തരം കോടതി വിധികള്‍ ലംഘിക്കപ്പെടുകയാണ്. പള്ളി തര്‍ക്ക കേസില്‍ മാത്രമല്ല മറ്റ് നിരവധി കേസുകളിലും അതാണ് അനുഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികള്‍ 1934ലെ സഭാ ഭരണഘടനയനുസരിച്ച് ഭരിക്കണമെന്ന് 2017ല്‍ സുപ്രിംകോടതി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വിധിച്ചിരുന്നു. യാക്കോബായ വിഭാഗത്തിന്റെ സമാന്തര ഭരണം പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെ പള്ളി തര്‍ക്കങ്ങള്‍ സംബന്ധിച്ച് കേസുകള്‍ 2017ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പരിഗണിക്കാവൂയെന്നു സുപ്രിംകോടതി അടുത്തിടെ നിര്‍ദേശിച്ചു. ഇത് മറികടന്ന് മാര്‍ച്ച് എട്ടിലെ ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചതിനെതിരേ സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ഐസക് മറ്റമ്മേല്‍ കോര്‍ എപ്പിസ്‌കോപയാണ് സുപ്രിം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."