ഓടുന്ന ബസില്‍ ഒരോണം
തിരുവനന്തപുരം: ബലൂണുകള്‍, തോരണങ്ങള്‍, അലങ്കാരങ്ങള്‍... കെ.എസ്.ആര്‍.ടി.സിയുടെ ഈ ഫാസ്റ്റ് പാസഞ്ചര്‍ ഇന്നലെ ഓടിയത് ഓണവണ്ടിയായാണ്.
കയറിയാല്‍ സീറ്റ് പിടിക്കാനുള്ള നെട്ടോട്ടങ്ങളായിരുന്നില്ല. ബസ് അലങ്കരിച്ചൊരുക്കാനുള്ള തത്രപ്പാടിലായിരുന്നു യാത്രക്കാരെല്ലാം.
കിളിമാനൂര്‍ ഡിപ്പോയിലെ 'സെക്രട്ടറിയേറ്റ് ബസ്' എന്നു വിളിപ്പേരുള്ള ഫാസ്റ്റ് പാസഞ്ചറാണ് വേറിട്ട ഓണാഘോഷത്തിന് വേദിയായത്. സ്ഥിരം യാത്രക്കാര്‍ക്കാരുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ 'ഓടുന്ന ബസില്‍ ഒരോണം' എന്ന തലവാചകത്തിലായിരുന്നു ആഘോഷ പരിപാടികള്‍.
ഓയൂരില്‍നിന്ന് രാവിലെ പുറപ്പെട്ടപ്പോള്‍ തന്നെ ജീവനക്കാര്‍ ബസിന്റെ മുന്‍ഭാഗം അലങ്കരിച്ചിരുന്നു.
തുടര്‍ന്ന് ഓരോ സ്റ്റോപ്പില്‍നിന്ന് യാത്രക്കാര്‍ കയറിത്തുടങ്ങിയേതാടെ ബസിനുള്ളിലെ 'ആഘോഷക്കമ്മറ്റി'യില്‍ ആളും ആവേശവുംകൂടി. വര്‍ണ ബലൂണുകള്‍ വീര്‍പ്പിക്കലും ഓണാശംസ സ്റ്റിക്കര്‍ പതിക്കലുമെല്ലാം തകൃതി.
പതിവു യാത്രക്കാരല്ലാത്തവര്‍ ആദ്യം അമ്പരന്നെങ്കിലും കാര്യം മനസിലായതോടെ ആഘോഷത്തില്‍ സജീവമായി.
പോങ്ങനാട് പിന്നിട്ടേതാടെ റോഡ് വശം ചേര്‍ത്ത് ബസ് നിര്‍ത്തി.
ഡ്രൈവര്‍ വാതില്‍ തുറന്ന് യാത്രക്കാരുടെ ഭാഗത്തേക്ക്. സമയം തെറ്റാതെ യാത്രക്കാരെ ഓഫിസുകളിലെത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഓണസമ്മാനം നല്‍കല്‍ ചടങ്ങായിരുന്നു പിന്നീട്. ഡ്യൂട്ടിയില്ലാത്തവര്‍ ഓണച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം എത്തിയതും ശ്രദ്ധേയമായി.
പിന്നാലെ യാത്രക്കാര്‍ക്കെല്ലാം ഓണസമ്മാനമായി പ്രകൃതി സൗഹൃദ വിത്തു പേനയും (സീഡ് പെന്‍) നല്‍കി.
മധുരവിതരണവും ബസിനുള്ളില്‍ നടന്നു.
സ്ഥിരം യാത്രക്കാര്‍ ഏറെയുള്ളതിനാലാണ് ബസ് എവിടെയെത്തി, സീറ്റ് ലഭ്യത എന്നിവ കൈമാറുന്നതിനു വേണ്ടി ' സെക്രട്ടറിയേറ്റ് ബസ് ' എന്ന പേരില്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."