കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള പരിപാടി: യു.ഡി.എഫ്
മാനന്തവാടി: സി.പി.എം എടവക പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തുന്നത് കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് രാഷ്ട്രിയ ലാഭം ഉണ്ടാക്കാനാണെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. സി.പി .എം ഭരിക്കുന്ന പഞ്ചായത്തുകളായ തവിഞ്ഞാല്‍, തൊണ്ടര്‍നാട്, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ പോലും ജലനിധി താളം പിഴക്കുമ്പോള്‍ എടവക പഞ്ചായത്തിലെ മുഴുവന്‍ ഗുണഭോക്താക്കളുടെയും പ്രശംസ പിടിച്ച് പറ്റിയ ജലനിധിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നതിലുള്ള നിരാശയും, യു.ഡി.എഫ് ഭരണ സമിതിക്കുള്ള വര്‍ധിച്ച ജനപിന്തുണയുമാണ് സി.പി.എമ്മിനെ സമരത്തിന് പ്രേരിപ്പിക്കുന്നത്.
മാര്‍ച്ച് ഗുണഭോക്താക്കള്‍ തന്നെ തള്ളിക്കളയും. ഒന്‍പത് ചെറുതും, അഞ്ച് വലുതുമായ പദ്ധതികളില്‍ 12 പദ്ധതികളില്‍ ജലവിതരണം ആരംഭിച്ച് കഴിഞ്ഞു. രണ്ടു പദ്ധതികളുടെ ട്രയല്‍ റണ്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഈമാസം തന്നെ ഈ രണ്ട് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏറ്റവും നല്ല സന്നദ്ധ സംഘടനയാണ് നിര്‍വഹണ ഏജന്‍സി. ശക്തവും സുതാര്യവുമായ ജനകീയഗുണഭോക്ത കമ്മിറ്റികള്‍ പദ്ധതികള്‍ക്ക് മോണിറ്ററിങ് നടത്തുന്നുണ്ട്. സാധന സാമഗ്രികള്‍ വാങ്ങുന്നത് ഗുണഭോക്തൃ സമിതികളുടെ മേല്‍നോട്ടത്തിലാണ്.
ഒരു ഘട്ടത്തിലും അഴിമതി നടന്നിട്ടില്ലെന്ന് ഭരണസമിതിക്കും ഉറച്ച വിശ്വാസമുണ്ട്. ഗാര്‍ഹിക ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഫണ്ട് ജലനിധിയെ ഏല്‍പ്പിക്കുവാനാണ് ശുചിത്വമിഷന്‍ തീരുമാനിച്ചത്. ഗ്രാമസഭയില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ ഭരണ സമിതി ജലനിധിക്ക് കൈമാറുകയും ശുചിത്വമിഷന്‍ അധികാരികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് എഗ്രിമെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. പിന്നീട് വന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഏറ്റവും അര്‍ഹരായവര്‍ക്ക് മാത്രമെ ആനുകൂല്യം നല്‍കാന്‍ പാടുള്ളു എന്ന സ്ഥിതി സംജാതമായതാണ് കുറച്ച് ഗുണഭോക്താക്കള്‍ക്ക് ആനുകൂല്ല്യം ലഭ്യമാകാതിരുന്നത് വസ്തുതകള്‍ ഭരണ സമിതിയുടെ ഭാഗമായ സി.പി.എം. അംഗങ്ങള്‍ക്ക് പോലും വ്യകതമാണന്നിരിക്കെ ഭരണം കിട്ടാത്തതിലുള്ള ജാള്യത മറക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും പ്രബുദ്ധരായ ജനം ഇത് തിരിച്ചറിയുമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എച്ച്.ബി പ്രദീപ് മാസ്റ്റര്‍, ബ്രാന്‍ അബ്ദുല്ല, നജ്മുദ്ദീന്‍ മുടമ്പത്ത്, ജില്‍സണ്‍ തുപ്പുംകര, ആമിന അവറാന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."