പണി പൂര്‍ത്തിയായിട്ടും കൊട്ടാരക്കര ബസ് സ്റ്റാന്‍ഡ് ശൗചാലയം അടഞ്ഞു തന്നെ
കൊട്ടാരക്കര: പണി പൂര്‍ത്തിയാക്കിയിട്ട് ആറു മാസത്തോളമായിട്ടും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പൊതു ശൗചാലയം പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടില്ല. ഇതു മൂലം ബസ് സ്റ്റാറ്റാന്‍ഡിലെത്തുന്ന യാത്രക്കാരുടേയും ജീവനക്കാരുടേയും ദുരിതം മുന്‍ കാലങ്ങളിലെ പോലെ തുടരുകയാണ്. ബ
സ് സ്റ്റാന്‍ഡിലുണ്ടായിരുന്ന പഴയ ശൗചാലയം കേടുപാടുകളുടെ പേരില്‍ നാലു വര്‍ഷത്തിലധികമായി അടച്ചിട്ടിരിക്കുകയാണ്. ഇതിനെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങളുയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ ശൗചാലയത്തിന് ഫണ്ട് അനുവദിച്ചത്. കെട്ടിടത്തിന്റെയും ടാങ്കിന്റെയുമെല്ലാം പണി പൂര്‍ത്തിയായെങ്കിലും ഇത് പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
ദിനംപ്രതി സ്ത്രീകളടക്കമുള്ള നൂറുകണക്കിന് യാത്രക്കാരും ബസ് ജീവനക്കാരുമെല്ലാം പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പെടാപ്പാടു പെടുകയാണ്. പുരുഷന്മാര്‍ ബസുകളുടെ മറവിലും മറ്റും ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനാല്‍ സ്റ്റാന്‍ഡ് ദുര്‍ഗന്ധിതമാണ്.
പുതിയ ശൗചാലയം നിര്‍മിക്കുമ്പോള്‍ ഇവിടെ ഉണ്ടായിരുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ച് മാറ്റിയിരുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരുടെ വ്യാപാര സ്ഥാപനങ്ങളായിരുന്നു ഇവ. പകരം സംവിധാനം എര്‍പ്പെടുത്താമെന്ന ഉറപ്പിലാണ് കടകളെല്ലാം പൊളിച്ചത്.
ഇത് നടപ്പിലാക്കാനും അധികൃതര്‍ തയാറായില്ല. ഇത് മൂലം ഈ ദുര്‍ബല കുടുംബങ്ങളെല്ലാം, ഇന്ന് വഴിയാധാരമായിരിക്കുകയാണ്. വികലാംഗരും വനിതകളുമെല്ലാം ഈ കൂട്ടത്തിലുണ്ട്.
കൊട്ടാരക്കര മുനിസിപ്പാലിറ്റി വകയാണ് ഈ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ്. സ്റ്റാന്‍ഡില്‍ നിന്ന് വന്‍ വരുമാനം മുനിസിപ്പാലിറ്റിക്കു ലഭിക്കുന്നുണ്ടെങ്കിലും ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വിമുഖത കാട്ടുന്നു.
ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കാത്ത മുനിസിപ്പാലിറ്റിയുടെ നടപടിക്കെതിരേ സമരത്തിനൊരുങ്ങുകയാണ് ബസ് ജീവനക്കാരും ബസുടമാ സംഘടനകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."