പാലയിലെ പാലം കടക്കാനുള്ളവരുടെ ചിഹ്നങ്ങള്‍ ഇന്നറിയാം
പാലാ: ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കും. ഇതിനുശേഷം വരണാധികാരി സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിക്കും. മാണി സി. കാപ്പന്‍ (എന്‍.സി.പി), എന്‍. ഹരി (ബി.ജെ.പി) എന്നിവരാണ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായി മത്സര രംഗത്തുള്ളത്. ഇവര്‍ക്ക് അതത് പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ ലഭിക്കും. എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നംവച്ചുള്ള പോസ്റ്ററുകള്‍ അച്ചടിയിലാണ്. എന്നാല്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജോസ് ടോമിന് ഇന്ന് ഉച്ചക്കുശേഷം ചിഹ്നമനുവദിച്ചതിന് ശേഷമേ ചുവരെഴുത്തിനും പോസ്റ്ററുകള്‍ അച്ചടിക്കാനും നല്‍കാന്‍ കഴിയുകയുള്ളൂ. പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുട്‌ബോള്‍ എന്നീ ചിഹ്നങ്ങളാണ് ജോസ് ടോം ആവശ്യപ്പെട്ടിട്ടുള്ളത്.
ചിഹ്നം ലഭിച്ച ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനാകുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. വ്യാഴാഴ്ച നടന്ന യു.ഡി.എഫ് കണ്‍വന്‍ഷനില്‍ സംസ്ഥാനത്തെ പ്രമുഖരായ നേതാക്കളെയെല്ലാം അണിനിരത്താനായത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ചിഹ്നം ലഭിക്കാതെ പോസ്റ്ററുകളും ചുവരെഴുത്തുകളും നടത്താനാകാത്തത് പ്രചാരണം മെല്ലെപ്പോക്കിലാകുന്നതിന് കാരണമായിട്ടുണ്ട്. വോട്ടര്‍മാരെ നേരില്‍ക്കണ്ട് പിന്തുണ അഭ്യര്‍ഥിക്കുന്ന തിരക്കിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം. ചിഹ്നം ആവശ്യപ്പെട്ടിട്ടുള്ള ജോസ് ടോം ഉള്‍പ്പെടെയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്ര ചിഹ്നങ്ങളായി നിര്‍ണയിച്ചിട്ടുള്ളവയാണ് അനുവദിക്കുക. ഒന്നിലധികം സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടുള്ള സ്വതന്ത്ര ചിഹ്നം ആദ്യം പത്രിക സമര്‍പ്പിച്ചയാള്‍ക്കായിരിക്കും അനുവദിക്കുക. സ്വതന്ത്ര സ്ഥാനാര്‍ഥി ബേബി മത്തായി ഇന്നലെ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെ ശേഷിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 13 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."