ഫഖ്‌റുദ്ദീന്‍ ബെന്നര്‍ ന്യൂനപക്ഷത്തിന്റെ ആധുനിക ശബ്ദം
മഹാരാഷ്ട്രയില്‍ ജീവിച്ച ഫഖ്‌റുദ്ദീന്‍ ബെന്നറിന്റെ കുടുംബ അടിവേരുകള്‍ ചെന്നെത്തുന്നത് കര്‍ണാടകയിലെ ഹുബ്ലി ഗ്രാമത്തിലാണ്. അവിടുന്ന് പിതാവ് മഹാരാഷ്ട്രയിലെ സോളാപൂരിലേക്ക് കുടിയേറിപ്പാര്‍ത്തു. ഫലത്തില്‍, മറാത്തീ-കര്‍ണാടിക് സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങള്‍ക്ക് സാക്ഷിയായിട്ടാണ് ബെന്നര്‍ വളരുന്നത്. സോഷ്യല്‍ആക്ടിവിസത്തെ അക്കാദമിക് കരിക്കുലവുമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു ഫഖ്‌റുദ്ദീന്‍ ബെന്നര്‍. സോളാപൂരിലെ സംഘമേഷര്‍ കോളജില്‍ 32 വര്‍ഷത്തോളം പൊളിറ്റിക്കല്‍ സയന്‍സില്‍ അധ്യാപകനായിരുന്ന ബെന്നറിന്റെ പ്രൊജക്ടുകളെല്ലാം സാമൂഹ്യമാറ്റങ്ങള്‍ ലക്ഷ്യംവച്ചുള്ളതായിരുന്നു. ഇംഗ്ലീഷ് ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്നുവെങ്കിലും ഫഖ്‌റുദ്ദീന്‍ ബെന്നറിന്റെ എഴുത്തുകളെല്ലാം മറാത്തിയില്‍ തന്നെയായിരുന്നു.
ഹിന്ദി ഭൂമിയില്‍ ചിന്തകള്‍ക്ക്
വിത്തിട്ടയാള്‍
1947 ലെ ഇന്ത്യ-പാക് വിഭജനം താനുള്‍പ്പെടുന്ന മുസ്‌ലിം സമുദായത്തെ ദുര്‍ഘടാവസ്ഥയിലേക്ക് കൊണ്ടെത്തിച്ചുവെന്ന് ഫഖ്‌റുദ്ദീന്‍ ബെന്നര്‍ നിരീക്ഷിച്ചു. ഇന്ത്യയില്‍ താമസമാക്കിയ മുസ്‌ലിംകള്‍ ആന്തരികമായി പാകിസ്താനോട് പ്രത്യേക താല്‍പര്യം കാണിക്കുന്നവരാണെന്ന തെറ്റിദ്ധാരണ പരക്കുന്നുവെന്നദ്ദേഹം മനസിലാക്കി. മുസ്‌ലിംകള്‍ പുരോഗമന ചിന്താഗതിക്കാരും ബുദ്ധിജീവികളുമാണെന്നായിരുന്നു ബെന്നറിന്റെ അഭിപ്രായം. ഇന്ത്യയിലെ കഴിവുറ്റ ബുദ്ധിജീവികളില്‍ വലിയൊരളവോളം മുസ്‌ലിം സമുദായത്തിന്റെ സംഭാവനയാണെന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു.
മഹാരാഷ്ട്രയുടെ ചരിത്രമെഴുതിയവരെ ബെന്നര്‍ വിഭാഗമാക്കി തിരിക്കുന്നത് കാണാം. ഒന്ന്, ഹിന്ദുത്വ എഴുത്തുകാര്‍, ഇവര്‍ ബ്രിട്ടീഷ് ഹിസ്റ്ററിയില്‍ നിന്നു കടമെടുത്ത് ചരിത്രത്തെ വര്‍ഗ്ഗീകരിച്ചു കൊണ്ട് വസ്തുതകളില്‍ നിന്നും മുസ്‌ലിം സമുദായത്തെ അകറ്റിയിരിക്കുന്നു. രണ്ട്, മതേതരവാദികളായ സ്വതന്ത്ര എഴുത്തുകാര്‍, ഓറിയന്റലിസ്റ്റ് ചരിത്ര രേഖകളാണ് ഇവര്‍ ആശ്രയിച്ചിരുന്നതെങ്കിലും പക്ഷപാതമില്ലാതെ കാര്യങ്ങള്‍ രേഖപ്പെട്ടുത്തിയിരിക്കുന്നു. മൂന്ന്, മാര്‍കിസിസ്റ്റ് ചരിത്രകാരന്മാര്‍, ഇവര്‍ മുസ്‌ലിം ചരിത്രം രേഖപ്പെടുത്തിയതേയില്ല.
മുസ്‌ലിം സമുദായ സമുദ്ധരണത്തിന് അത്ര സുന്ദരമല്ലാത്ത ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ കണ്ടറിയുകയായിരുന്നു ബെന്നര്‍. വരും തലമുറയില്‍ മുസ്‌ലിംകള്‍ക്ക് പൂര്‍വ്വപ്രതാപത്തെ തിരിച്ചെടുക്കേണ്ടതുണ്ടെന്ന് മനസിലാക്കിയ അദ്ദേഹം രണ്ട് സുപ്രധാന തീരുമാനങ്ങളെടുത്തു. ഒന്ന്, ഹിന്ദുത്വ താല്‍പര്യങ്ങള്‍ക്കനുസൃതമായി വക്രീകരിക്കപ്പെട്ട ഇന്ത്യന്‍ ചരിത്രം പുനരെഴുതണം. രണ്ട്, മുസ്‌ലിംകള്‍ക്കായി ഒരു സാഹിത്യ കൂട്ടായ്മ രൂപീകരിക്കണം. ഇതിനായി 'മുസ്‌ലിം സാഹിത്യ പരിഷത്ത്' എന്ന തലക്കെട്ടില്‍ അദ്ദേഹം ഒരു കൂട്ടായ്മ രൂപീകരിച്ചു.
ഇങ്ങനെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെക്കുറിച്ചുള്ള പൊതുബോധത്തെ ഉടച്ചുവാര്‍ക്കാനാഗ്രഹിക്കുകയായിരുന്നു ഫഖ്‌റുദ്ദീന്‍ ബെന്നര്‍. ഇന്ത്യയിലെ മുസ്‌ലിം സംസ്‌കാരത്തിന് പ്രാദേശിക മാറ്റങ്ങളുണ്ടെന്ന് ബെന്നര്‍ വാദിച്ചു. തന്റെ സുഹൃത്ത് ദല്‍വായിയടക്കം ഒരുപറ്റം പണ്ഡിതന്മാര്‍ മറാത്തീ ഭാഷയില്‍ കഴിവുറ്റ എഴുത്തുകാരാണെന്ന യാഥാര്‍ഥ്യം അദ്ദേഹം സമൂഹത്തോട് ഉറക്കെപ്പറഞ്ഞു. മറാത്തീ മുസ്‌ലിംകളുടെ മാതൃഭാഷ ഉറുദുവാണെന്നവാദം അടിസ്ഥാന രഹിതമാണെന്നും മറാത്തീ സൂഫികളുടെ ആത്മീയരംഗങ്ങള്‍ പോലും എഴുതിയിരുന്നത് മറാത്തീ ഭാഷയിലാണെന്നും ബെന്നര്‍ പറഞ്ഞു. മുസ്‌ലിം സാഹിത്യ പരിഷത്തിന് കീഴില്‍ ഒരുപിടി സൂഫീ രചനകള്‍ പ്രസിദ്ധീകരിച്ചു.
ഒ.ബി.സി രൂപീകരിക്കുന്നു
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ പൂലെ, അംബേദ്കര്‍ എന്നിവരുടെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു ബെന്നര്‍. ജാതി സംബന്ധിയായ കാര്യങ്ങളില്‍ ബെന്നര്‍ ഇവരുടെ ചിന്തയെ അനുഗമിച്ചു. ഇന്ത്യയില്‍ വേരൂന്നിയ ജാതിസമ്പ്രദായത്തെ തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഇന്ത്യന്‍ മുസ്‌ലിംകളില്‍ നിന്ന് അത്ര പെട്ടെന്നൊന്നും ജാതി ചിന്തകള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന് വൈകാതെ തന്നെ ബെന്നര്‍ തിരിച്ചറിഞ്ഞു. കാരണം, ജനങ്ങള്‍ കൂട്ടമായി ഇസ്‌ലാമാശ്ലേഷിക്കുന്ന സന്ദര്‍ഭങ്ങളില്‍ അവരില്‍ അക്കാലംവരെയുള്ള ജാതിചിന്തകള്‍ പെട്ടെന്ന് എടുത്തുകളയാനാവുമായിരുന്നില്ല. മുസ്‌ലിംകളിലെ സാമൂഹ്യപദവികളിലെ ഏറ്റവ്യത്യാസം അനിവാര്യമാണെന്ന ധാരണ മിഥ്യയാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ബെന്നര്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കു വേണ്ടി ഒ.ബി.സി (other backward class) എന്ന കൂട്ടായ്മ രൂപീകരിക്കുന്നത്.
ഒ.ബി.സിയിലെ അംഗങ്ങളെല്ലാവരും നിര്‍മാണ മേഖലയിലോ സേവന മേഖലയിലോ ജോലി ചെയ്യുന്ന അസംഘടിത തൊഴിലാളികളായിരുന്നു. ആഗോളവത്കരണം കൊണ്ടും ഉദാരവത്കരണം കൊണ്ടും കാര്യമായ പുരോഗമനമൊന്നും സാധ്യമാകാത്തവര്‍, കലാപങ്ങളില്‍ വന്‍നാശനഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നവര്‍ ഇങ്ങനെയുള്ളവരെ സംഘടിപ്പിക്കാനും സംഘര്‍ഷങ്ങളില്‍ പിറകില്‍ നിര്‍ത്താനും എളുപ്പമായിരുന്നു. താങ്ങാവുന്ന പ്രചോദനങ്ങള്‍ക്കു പകരം കലാപവീര്യം അവരുടെ ഹൃദയത്തില്‍ പുതിയ ചുവടുവയ്പ്പുകള്‍ നടത്തി. ഹമീദ് ദല്‍വായി, എ.ബി ഷാ, എം.എ കറാന്തികാര്‍ തുടങ്ങിയവര്‍ ഇങ്ങനെയുള്ള സ്വതന്ത്ര എഴുത്തുകാരില്‍ പ്രധാനികളാണ്.
അവകാശ പോരാട്ടത്തിന്റെ
പാതയില്‍
ഉയര്‍ന്ന വിഭാഗക്കാരുടെ മേല്‍ക്കായ്മയാണ് മുസ്‌ലിംകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് തിരിച്ചറിഞ്ഞ ഫഖ്‌റുദ്ദീന്‍ ബെന്നര്‍ 'മുസ്‌ലിം സത്യശോഥക് മണ്ഡല്‍' എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചു. അദ്ദേഹത്തിന്റെ സുഹൃത്ത് ദല്‍വായിയും കൂട്ടുകാരുമായിരുന്നു ഇതിന്റെ അമരക്കാര്‍. മുസ്‌ലിം സത്യശോഥക് മണ്ഡലിന്റെ ആദ്യകാല പരിഷ്‌കരണ പ്രവര്‍ത്തനങ്ങളൊന്നും സോളാപൂര്‍ ജനതക്ക് അത്രപെട്ടെന്ന് ഉള്‍കൊള്ളാനായില്ല. അവര്‍ ഫഖ്‌റുദ്ദീന്‍ ബെന്നറിനെ ബഹിഷ്‌കരിച്ചു. അകാരണമായി മുസ്‌ലിം പണ്ഡിതന്മാരേയും നേതാക്കളേയും വിമര്‍ശിക്കുന്ന പ്രവണത ദല്‍വായിയില്‍ നിന്നുണ്ടായി. ഇത് ബെന്നര്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്തിനേറെ മുസ്‌ലിംകള്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നവരാണെന്ന് വരെ ദല്‍വായി പ്രസ്താവനയിറക്കി. യൂനിഫോം സിവില്‍ കോഡ് പ്രാബല്യത്തില്‍ വരണമെന്ന് വാദിച്ചു. ദല്‍വായിയുടെ നിലപാടുകളോട് തീരെ യോജിച്ചു വരാത്ത ബെന്നര്‍ അദ്ദേഹത്തോട് പിണങ്ങി. നിലപാടുകളോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. ദല്‍വായി ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ച് മതിയായ അവബോധമില്ലാത്ത ആളാണെന്നും അദ്ദേഹം ഓറിയന്റലിസ്റ്റ് എഴുത്തുകളെയാണ് ചരിത്ര പഠനത്തിന് ആധാരമാക്കുന്നതെന്നും ബെന്നര്‍ തുറന്നടിച്ചു.
ദല്‍വായുമായി പിരിഞ്ഞശേഷം അസ്ഹറലി എഞ്ചിനീയര്‍, മോയീന്‍ ശാക്കിര്‍ എന്നിവരോടൊപ്പം ബെന്നര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. അവര്‍ മൂവരും ചേര്‍ന്ന് മഹാരാഷ്ട്രയില്‍ വിവിധ വിഷയങ്ങളില്‍ ക്യാംപുകള്‍ നടത്തി.
മുളയിലേ എതിര്‍ത്തു,
ഹിന്ദുത്വ വര്‍ഗീയതയെ
ഫഖ്‌റുദ്ദീന്‍ ബെന്നറിന്റെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചുതുടങ്ങിയ കാലത്തായിരുന്നു ഇന്ത്യയില്‍ അന്നേവരെയില്ലാത്ത വിധം ഹിന്ദുത്വ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ സജീവമായത്. രാമജന്മഭൂമി തര്‍ക്കങ്ങളും ബാബരി ധ്വംസനവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഹേതുവായി. ഇങ്ങനെ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അക്കാലം വരെ ചെറിയ സ്വാധീനം പോലുമില്ലാതിരുന്ന ഹിന്ദുത്വവാദികള്‍ മുഖ്യധാര രാഷ്ട്രീയത്തിലെത്തിയത് ബെന്നറിനെ അലോസരപ്പെടുത്തി. അദ്ദേഹം ഇന്ത്യാ ചരിത്രം ഹിന്ദുത്വവാദികളുടെ കരങ്ങളാല്‍ വര്‍ഗ്ഗീയവത്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് തുറന്നടിച്ചു. സംഘട്ടനങ്ങള്‍ മുതലെടുത്ത് ഇന്ത്യയില്‍ വര്‍ഗ്ഗീയത തഴച്ചുവളര്‍ത്താനാണ് അവരുടെ പദ്ധതിയെന്നും ബെന്നര്‍ പറഞ്ഞു. മുസ്‌ലിംകള്‍ വിഘടനവാദികളാണെന്നും അവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തോട് പുച്ഛവും പാകിസ്താനോട് പ്രത്യേക താല്‍പര്യവുമാണെന്നുമുള്ള വാദങ്ങളെല്ലാം മുസ്‌ലിം-ഹിന്ദു സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ വേണ്ടി ചില അര്‍ധചിന്താഗതിക്കാര്‍ കെട്ടിച്ചമച്ചതാണെന്നും ബെന്നര്‍ അഭിപ്രായപ്പെട്ടു.
മുസ്‌ലിം പിന്നാക്കവിഭാഗത്തെ സംഘടിപ്പിക്കുക എന്നത് ഫഖ്‌റുദ്ദീന്‍ ബെന്നറിന്റെ വെറുമൊരു പ്രഖ്യാപനമായിരുന്നില്ല. മറിച്ച്, ഇന്ത്യയില്‍ ജീവിതം തള്ളിനീക്കാനുള്ള ഒരു വലിയ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ തുറന്നുപറയാനും അവതരിപ്പിക്കാനുമുള്ള ഒരു വേദിയൊരുക്കുകയായിരുന്നു. ഒ.ബി.സിയിലൂടെ മുസ്‌ലിം പിന്നാക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലിയില്‍ സംവരണം നേടിയെടുക്കാന്‍ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് സാധിച്ചു. ഉയര്‍ന്ന ജാതിക്കാര്‍ക്കോ, ഹിന്ദുത്വവാദികള്‍ക്കോ കളിപ്പാവയാക്കാനുള്ള കൂട്ടായ്മയായി ഒ.ബി.സി മാറരുതെന്ന ശാഠ്യം ബെന്നറിനുണ്ടായിരുന്നു. മാത്രമല്ല, ഒ.ബി.സിക്കു കീഴില്‍ മുസ്‌ലിമേതര സമുദായങ്ങളെക്കൂടി കൊണ്ടുവരണമെന്നും ബെന്നറിന് ഉല്‍ക്കടമായ ആഗ്രഹമുണ്ടായിരുന്നു.
സ്ഥൂലമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കാമ്പുള്ള ചിന്തകളാണ് ബെന്നര്‍ ഒ.ബി.സിയിലൂടെ അവതരിപ്പിച്ചതെങ്കിലും അതിന് മഹാരാഷ്ട്രയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല. എങ്കിലും അദ്ദേഹം തന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി നൂറുകണക്കിന് ലേഖനങ്ങള്‍ എഴുതി, എണ്ണമറ്റ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് പ്രസംഗിച്ചു നിരന്തരം പോരാടി.
ഗാന്ധിയന്‍
സിദ്ധാന്തങ്ങള്‍ക്കൊപ്പം
ഗാന്ധി രചനകളിലേറ്റവും പ്രധാനമായ ഹിന്ദുസ്വരാജിനെ ബെന്നര്‍ വ്യത്യസ്ത കോണുകളിലൂടെയാണ് വീക്ഷിച്ചത്. ഒന്ന്, ഗാന്ധി ഓറിയന്റല്‍ ഹിസ്‌റ്റോഗ്രഫിയെ വെല്ലുവിളിക്കുന്നുവെന്നതാണ്. ഓറിയന്റലിസ്റ്റുകള്‍ മേലാളന്മാരെയാണ് പ്രതിനിധീകരിക്കുന്നത്. പാവപ്പെട്ടവരെ പ്രതിനിധീകരിക്കാന്‍ അവര്‍ക്കു സാധിക്കില്ല. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ട് അറുനൂറു വര്‍ഷക്കാലം മുസ്‌ലിംകള്‍ സാഹോദര്യത്തോടെ ജീവിച്ചിട്ടുണ്ടെന്നു പറയുന്നതോടൊപ്പം ചരിത്രം വക്രീകരിച്ചവതരിപ്പിച്ചവരെ ഗാന്ധി വിമര്‍ശിക്കുന്നുമുണ്ട്.
രണ്ടാമത്തേത് ആധുനിക നഗരവത്കരണത്തെ വിമര്‍ശിക്കുന്നതാണ്. ഒറ്റവാക്കില്‍ ആധുനിക വല്‍കരണത്തെ വിമര്‍ശിക്കുന്നുവെന്ന് പറയാമെങ്കിലും യഥാര്‍ഥത്തില്‍ ഗാന്ധി എതിര്‍ക്കുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളെ അടിമയാക്കിവയ്ക്കുന്നതിനെയാണ് ഈ ഭാഗം ചൂണ്ടിക്കാണിച്ചു ഗാന്ധി ആധുനിക വത്കരണത്തെ എതിര്‍ക്കുന്നു' എന്ന തലക്കെട്ടെടുത്തുദ്ധരിച്ച് അല്‍പ ചിന്താഗതിക്കാരായ ഭരണകക്ഷികള്‍ അവരുടെ അജണ്ടകള്‍ നടപ്പില്‍ വരുത്തുന്നുവെന്ന് ബെന്നര്‍ പറയുന്നു.
മൂന്ന്, ഗാന്ധി പാശ്ചാത്യ ദേശീയതയെ തുറന്നെതിര്‍ക്കുകയും ഇന്ത്യന്‍ ദേശീയതയെ പിന്താങ്ങുകയും ചെയ്യുന്നു. വിശ്വാസികളായ ഇന്ത്യന്‍ പണ്ഡതിരെയാണ് ഫഖ്‌റുദ്ദീന്‍ ബെന്നര്‍ പ്രതിനിധാനം ചെയ്യുന്നത്. ജനാധിപത്യ-മതേതര ആശയങ്ങള്‍ ഇന്ത്യയെ കിടയറ്റ രാഷ്ടമാക്കി മാറ്റുമെന്ന് വിശ്വസിച്ച അദ്ദേഹം പണ്ഡിതന്മാരുടെ കൂട്ടത്തിലൊരാളായി തന്നെ നിലകൊണ്ടു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഒരാള്‍ പോലും വിവേചനം അനുഭവിക്കാത്ത ഒരു രാഷ്ട്രമായി ഇന്ത്യ മാറുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.
1990 കള്‍ക്കു ശേഷമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ബെന്നറിന്റെ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കുന്നതായിരുന്നു. എങ്കിലും തലതിരിഞ്ഞേ ഫലങ്ങളുണ്ടാകൂ എന്നദ്ദേഹം ചിന്തിക്കുന്നുണ്ട്. സാമൂഹ്യ ഘടനയും മുസ്‌ലിംകളുടെ സാമൂഹ്യ ബോധവും, ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയ ചിന്തകന്മാര്‍, ഗാന്ധിയുടെ പുസ്തകം ഹിന്ദുസ്വരാജിന്റെ പുനര്‍വായന, ദേശീയത-കോളനിവല്‍കരണം-ഇസ്‌ലാം എന്നിവ ഫഖ്‌റുദ്ദീന്‍ ബെന്നറിന്റെ പ്രധാന രചനകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."