ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ
അബൂദബി: ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹിയിൽ 13 പേരുടെ മരണത്തിനിടയാക്കിയ കാർ സ്ഫോടനത്തെ ശക്തമായി അപലപിച്ച് യുഎഇ. സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ എല്ലാത്തരം അക്രമങ്ങൾക്കും ഭീകരതയ്ക്കും എതിരായ രാജ്യത്തിന്റെ നിലപാട് വിദേശകാര്യ മന്ത്രാലയം (MoFA) പുറത്തിറക്കിയ പ്രസ്താവനയിൽ ആവർത്തിച്ചു.
സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഇന്ത്യയിലെ സർക്കാരിനും ജനങ്ങൾക്കും മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും മന്ത്രാലയം ആശംസിച്ചു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് യുഎഇയുടെ പിന്തുണയുണ്ടാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടക്ക് സമീപം നിർത്തിയിട്ട കാറിലാണ് ഇന്നലെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയിരുന്നു. മരിച്ചവരിൽ പലരേയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ ചെങ്കോട്ട മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ചാന്ദ്‌നി ചൗക്ക് മാർക്കറ്റ് ഇന്ന് അടച്ചിടും. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗെയ്റ്റുകൾ തുറക്കില്ല.
അതേസമയം സ്‌ഫോടനത്തിൽ ഉപയോഗിച്ച കാറിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ കസ്റ്റഡിയിലെടുത്ത കാറിന്റെ ഉടമയായ സൽമാൻ എന്നയാളെ ചോദ്യംചെയ്തതിൽനിന്നാണ് കൂടുതൽ വിശദാംശങ്ങൾ ലഭിച്ചതെന്നാണ് സൂചന.
HR 26 CE 7674 എന്ന കാർ സൽമാൻ ആണ് വാങ്ങിയത്. അത് പിന്നീട് ഓഖ്ലയിലെ ദേവേന്ദ്ര എന്ന വ്യക്തിക്ക് വിറ്റിരുന്നു. ദേവേന്ദ്രയിൽ നിന്ന് അമീർ എന്നയാൾ വാഹനം വാങ്ങി പുൽവാമ സ്വദേശി താരിഖിന് കൈമാറിയെന്നും താരിഖ് വാഹനം ഉമർ മുഹമ്മദിന് കൈമാറിയെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. കാറോടിച്ചിരുന്നത് ഉമർ മുഹമ്മദ് ആണെന്നും സൂചനയുണ്ട്. ഫരീദാബാദ് കേസുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിൽ തകരുമ്പോൾ കാറിന്റെ ആർസി ഉടമ ആരാണെന്നത് ഇനിയും വ്യക്തമായിട്ടില്ല. ഇതും പൊലിസ് അന്വേഷിക്കുന്നുണ്ട്.
സ്ഫോടനത്തിൽ ഉൾപ്പെട്ട കാർ ആദ്യം പ്രദേശവാസിയായ സൽമാന്റെ പേരിലായിരുന്നുവെന്ന് ഹരിയാനയിലെ ഗുരുഗ്രാം പൊലിസിന്റെ വക്താവ് സന്ദീപ് കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. സൽമാനും ദേവേന്ദ്രയും ഇപ്പോൾ പൊലിസ് കസ്റ്റഡിയിലാണെന്ന് ഡൽഹി പൊലിസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, സാമ്പിളുകളുടെ പരിശോധനയ്ക്കു ശേഷം മാത്രമേ സ്‌ഫോടന കാരണം എന്തെന്ന് മനസിലാകൂ എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. സാമ്പിളുകളും തെളിവുകളും ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘങ്ങളും ഡൽഹി പോലീസും എൻ.ഐ.എ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
ഡൽഹി അന്വേഷണം പുരോഗമിക്കുകയാണെന്ന് നോർത്ത് ഡിസിപി രാജ ബന്തിയ അറിയിച്ചു. കാർ ഡൽഹിയിലേക്ക് കടന്നത് ബദർപൂർ ബോർഡർ വഴിയെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലെ ഹോട്ടലുകളിൽ പൊലിസ് പരിശോധന നടത്തുന്നുണ്ട്. അതേസമയം, ഈ ഘട്ടത്തിൽ എല്ലാ വിശദാംശങ്ങളും പങ്കിടാൻ കഴിയില്ലെന്നും ഒരു നിഗമനത്തിലെത്തിയാൽ അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഡൽഹി പൊലിസ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ), സ്ഫോടകവസ്തു നിയമം, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയതിരിന്നു. കാർ കടന്നുവന്ന വഴികളിലേതുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് മേഖലയിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലിസ് പരിശോധിച്ചു വരികയാണ്.
the uae government has strongly condemned the recent explosion in new delhi, expressing solidarity with the indian people. authorities emphasized the importance of security and called for swift action to prevent such incidents in the future.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."