പാലക്കാട് നഗരസഭ ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനുമെതിരേ അവിശ്വാസം
പാലക്കാട്: പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനും വൈസ് ചെയര്മാന് സി. കൃഷ്ണകുമാറിനുമെതിരെ യു.ഡി.എഫ് നല്കിയ അവിശ്വാസ പ്രമേയം നവംബര്‍ അഞ്ചിന് ചര്‍ച്ചയ്ക്കെടുക്കും. നഗരസഭ ഹാളില്‍ രാവിലെ ഒമ്പതിന് ചെയര്‍പേഴ്സണ്‍ എതിരായ അവിശ്വാസത്തിലും വൈകീട്ട് മൂന്നിന് വൈസ് ചെയര്‍മാനെതിരായ അവിശ്വാസത്തിലുമാണ് ചര്‍ച്ച. അന്നേദിവസം എന്തെങ്കിലും കാരണത്താല്‍ സര്‍ക്കാരോ ജില്ലാ കലക്ടറോ അവധി പ്രഖ്യാപിച്ചാല്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേസമയം പ്രമേയത്തിന്മേല് ചര്‍ച്ച നടക്കുമെന്നാണ് അറിയിപ്പ്.
യു.ഡി.എഫിന്റെ 17 അംഗങ്ങളും വെല്‍ഫെയര്‍ പാര്‍ട്ടി അംഗവും ഒപ്പിട്ടാണ് അവിശ്വാസ പ്രമേയം നല്‍കിയിരിക്കുന്നത്. 52 അംഗ കൗണ്‍സിലില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് 24 അംഗങ്ങളുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് ബി.ജെ.പി നഗരസഭ ഭരിക്കുന്നത്. നേരത്തെ യു.ഡി.എഫ് നല്കിയ അവിശ്വാസത്തില്‍ ഒരെണ്ണം ഒഴികെയുള്ള സ്ഥിരംസമിതികളെല്ലാം ബി.ജെ.പിക്ക് നഷ്ടമായിരുന്നു.
അംഗബലം കുറവാണെങ്കിലും യു.ഡി.എഫിന്റെ വോട്ട് നേടി സി.പി.എം രണ്ട് സ്ഥിരംസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒരു സ്ഥിരം സമിതിയില്‍ ലീഗും മറ്റൊന്നില്‍ കോണ്‍ഗ്രസുമാണ് വിജയിച്ചത്. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന് സ്ഥാനങ്ങളിലേക്ക് ബദല്‍ നിര്‍ദേശങ്ങളൊന്നും ഉയര്‍ത്താതെയാണ് യു.ഡി.എഫിന്റെ അവിശ്വാസ നീക്കം. ബി.ജെ.പിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുക മാത്രമാണ് ലക്ഷ്യമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
യു.ഡി.എഫും സി.പി.എമ്മും മത്സരത്തിനിറങ്ങിയാല്‍ സ്ഥിതി വീണ്ടും ബി.ജെ.പിക്ക് അനുകൂലമാവും. അത് ഒഴിവാക്കാന്‍ സി.പി.എമ്മിനെ പിന്തുണയ്ക്കുന്ന നയം യു.ഡി.എഫ് പിന്തുടര്ന്നാല് വെറും ഒമ്പത് അംഗങ്ങള്‍ മാത്രമുള്ള എല്‍.ഡി.എഫിന് ചരിത്രനേട്ടമാവും. സ്ഥിരംസമിതികളില്‍ യു.ഡി.എഫ് പിന്തുണയില്‍ വിജയിച്ച സ്ഥാനങ്ങളില്‍ തുടരുന്നതിനാല്‍ നഗരസഭ ഭരണം കിട്ടുന്ന സാഹചര്യം സി.പി.എം കൈവിടാനിടയില്ലെന്ന സൂചനയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."