ഉദ്യോഗാര്‍ഥികളെ വലച്ച് പി.എസ്.സി. വെബ്‌സൈറ്റ്; ശേഷിയില്ലാത്ത സെര്‍വറെന്ന് ആക്ഷേപം
കൊട്ടിയം(കൊല്ലം): കേരള പി.എസ്.സി.യുടെ വൈബ്‌സൈറ്റ് കഴിഞ്ഞ ഒരാഴ്ചയായി തകരാറില്‍. സൈറ്റിലെ വണ്‍ടൈം രജിസ്‌ട്രേഷന്‍ ഭാഗമാണ് പലര്‍ക്കും കിട്ടാത്തത്. രാത്രിയും അതിരാവിലെയും ഉച്ചസമയത്തും മാത്രമാണ് വെബ്‌സൈറ്റ് നേരെയാകുന്നത്. സ്വകാര്യ കംപ്യൂട്ടര്‍ കഫേകള്‍ തുറക്കാത്ത ഞായറാഴ്ചകളില്‍ മാത്രമാണ് കുറച്ചുനേരത്തേക്കെങ്കിലും വെബ്‌സൈറ്റുകള്‍ സാധാരണനിലയിലാകുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പലരും മൂന്നു ദിവസം കഫേകളുടെ പടികയറിയിറങ്ങിയാണ് അപേക്ഷകളും മറ്റും പൂരിപ്പിക്കുന്നത്. ജില്ലാതല ലാസ്റ്റ് ഗ്രേഡ് അടക്കമുള്ള പരീക്ഷകള്‍ക്ക് അപേക്ഷകള്‍ അയയ്ക്കാനുള്ളവര്‍ വെബ്‌സൈറ്റിന്റെ പണിമുടക്കുകാരണം വലയുന്നു. ഇതിന്റെ അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 14 ആണ്. തീയതി നീട്ടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, കമ്പനി- ബോര്‍ഡ്-കോര്‍പറേഷന്‍ ലാസ്റ്റ് ഗ്രേഡ് എന്നീ വലിയ പരീക്ഷകള്‍ക്കും ഇതിനിടെ അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ അയയ്ക്കുന്ന അപേക്ഷകളാണ് ഇവ മൂന്നും. അതിനുപുറമേ നിരവധി അപേക്ഷകളും പി.എസ്.സി ക്ഷണിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട മൂന്നുഅപേക്ഷകള്‍ അയയ്ക്കുന്നതിനിടെയാണ് വരുന്ന 17 ന് നടക്കുന്ന തിരുവനന്തപുരം, മലപ്പുറം എല്‍.ഡി.സി പരീക്ഷയുടെ ഹാള്‍ടിക്കറ്റും വെബ്‌സൈറ്റില്‍ വന്നത്. ഇതും വണ്‍ടൈം രജിസ്‌ട്രേഷന്‍ ലിങ്കിലെത്തിയാലേ ഡൗണ്‍ലോഡ് ചെയ്യാനാവൂ. സൈറ്റ് തകരാര്‍ കാരണം അതും നടക്കാറില്ല.
വേണ്ടത്ര ശേഷിയില്ലാത്ത സെര്‍വറുകള്‍ ഉപയോഗിക്കുന്നതാണ് കാരണമെന്നാണ് സൂചന. പി.എസ്.സി വൈബ്‌സൈറ്റിന്റെ സോഫ്റ്റ്‌വെയര്‍ ന്യൂനത പുറത്തുവന്നിരുന്നെങ്കിലും അധികൃതര്‍ അത് ചെവിക്കൊള്ളാന്‍ തയാറായിരുന്നില്ല.
രാത്രി ഒരേസമയം പല കംപ്യൂട്ടറിലിരുന്ന് പി.എസ്.സിയുടെ ഒരേ സര്‍വറില്‍ കിട്ടത്തക്കവിധം അപേക്ഷ അയച്ചാല്‍ അടുത്തടുത്ത് ഇരുന്ന് പരീക്ഷയെഴുതാനാകുമെന്നതാണ് ഇതില്‍ പ്രധാന ആക്ഷേപം. ഹാളില്‍ നില്‍ക്കുന്ന അധ്യാപകന്‍ കണ്ണടച്ചാല്‍ ഒറ്റവാക്കിലുള്ള ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കാമെന്നതാണ് ഇതിലെ സൗകര്യം. എന്നാല്‍ പി.എസ്.സിയിലുള്ള വിശ്വാസ്യത കുറയുമെന്ന് പറഞ്ഞ് അധികൃതര്‍ ഈ പരാതികള്‍ പാടേ തള്ളി.
വെബ്‌സൈറ്റ് കൂടി ഇടയ്ക്കിടെ തകരാറിലാകുന്നതോടെ ഉദ്യോഗാര്‍ഥികളില്‍ ഭൂരിഭാഗവും നിരാശരാണ്. മണിക്കൂറുകള്‍ ഇന്റര്‍നെറ്റ് കഫേകള്‍ക്കുമുന്നില്‍ വണ്‍ടൈം രജിസ്‌ട്രേഷനും അപേക്ഷയയ്ക്കാനും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും വേണ്ടിവരുന്നതായിട്ടാണ് പരാതി. വീട്ടില്‍ കംപ്യൂട്ടറും പ്രിന്ററും ഇല്ലാത്തവരാണ് വലയുന്നത്. സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിച്ച് വെബ്‌സൈറ്റ് നവീകരണം ഉടന്‍ നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."