കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളം: വായ്പയ്ക്കായി നെട്ടോട്ടം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പള പ്രതിസന്ധി മറികടക്കാന്‍ അധികൃതര്‍ നെട്ടോട്ടത്തില്‍. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് നല്‍കാമെന്നേറ്റ 100 കോടി ലഭിക്കാതെ വന്നതോടെയാണ് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിന് തടസമുണ്ടായത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ധനമന്ത്രിയും ചര്‍ച്ച നടത്തുകയും പാലക്കാട് ജില്ലാ സഹകരണ ബാങ്കിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ നടപടിക്രമങ്ങള്‍ നീണ്ടുപോകുമെന്നതിനാല്‍ ഇതും ഉപേക്ഷിച്ചു. ഇപ്പോള്‍ വായ്പ വേഗത്തില്‍ അനുവദിക്കാമെന്ന കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് മുന്നോട്ടുപോകുകയാണ്. വായ്പ അനുവദിച്ചാല്‍ത്തന്നെ രണ്ടു മൂന്നു ദിവസം കഴിഞ്ഞേ ശമ്പളം ലഭ്യമാക്കാനാകൂവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടാതെ കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും തമ്മില്‍ ശത്രുതയിലായിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടും ശമ്പളം ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്ന ആശങ്ക ജീവനക്കാര്‍ക്കുണ്ട്. ഒരു മാസത്തെ പെന്‍ഷനും, കഴിഞ്ഞ മാസത്തെ ശമ്പളവും നല്‍കുന്നതിനാവശ്യമായ തുകയാണ് കെ.എസ്.ആര്‍.ടി.സി.ക്ക് ആവശ്യം. പെന്‍ഷന്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെകുറിച്ച് ധനവകുപ്പ് ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."