ഉപഭോക്തൃ ബോധവല്‍ക്കരണം: മാജിക് ഷോ ഇന്ന്
കൊച്ചി:ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉപഭോക്തൃ ബോധവല്‍ക്കരണ മാജിക് ഷോ സംഘടിപ്പിക്കുന്നു. ജങ്ക് ഫുഡിന്റെ കോട്ടങ്ങള്‍ വിദ്യാര്‍ഥികളിലെത്തിക്കുകയാണ് മാജിക് ഷോയിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ന് രാവിലെ 10ന് എറണാകുളം സെന്റ് തെരേസാസ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ആദ്യ മാജിക് ഷോ. ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി അനൂപ് ജേക്കബ് മാജിക് ഷോ ഉദ്ഘാടനം ചെയ്യും.
കൗണ്‍സിലര്‍ ഗ്രേസ് ബാബു ജേക്കബ്, സിറ്റി റേഷനിങ് ഓഫീസര്‍ വി.ആര്‍.ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കഴിഞ്ഞ മൂന്നു ദശാബ്ദമായി പുകവലി, മദ്യം, ജങ്ക് ഫുഡ് എന്നിവയ്‌ക്കെതിരെ മാജിക്കിലൂടെ ബോധവല്‍ക്കരണം നടത്തുന്ന പ്രശസ്ത മജീഷ്യന്‍ നാഥ് ആണ് അവതാരകന്‍. ഒരു തലമുറയുടെ ഭക്ഷണശീലത്തെ നേരായ വഴിക്ക് നയിക്കാന്‍ ഉതകുന്ന യഥാര്‍ഥ വേദിയെന്ന നിലയ്ക്കാണ് സ്‌കൂളുകളില്‍ ഇത്തരം മാജിക് ഷോ സംഘടിപ്പിക്കുന്നത്. ജങ്ക് ഫുഡിന്റെ വിനാശകരമായ ഫലത്തെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതുവഴി ഇത്തരം ഭക്ഷണ പദാര്‍ഥങ്ങളെ നിത്യജീവിതത്തില്‍ നിന്ന് ഒഴിവാക്കാനും ശരിയായ ഭക്ഷണശീലം വളര്‍ത്തിയെടുക്കാനും കഴിയണമെന്ന ലക്ഷ്യത്തോടെയാണ് മാജിക് ഷോ സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."