അനധികൃത പാര്‍ക്കിങും റോഡ് തകര്‍ച്ചയും: ഗതാഗതക്കുരുക്കിലമര്‍ന്ന് കൊപ്പം ടൗണ്‍
കൊപ്പം: റോഡ് തകര്‍ച്ചയും അനധികൃത പാര്‍ക്കിങും കാരണം ഗതാഗതക്കുരുക്കില്‍ കുടുങ്ങി കൊപ്പം ടൗണ്‍. ഗതാഗത നിയന്ത്രണത്തിന് സ്ഥാപിച്ച സിഗ്‌നല്‍ ലൈറ്റ് നോക്കുകുത്തിയുമാണ്. പട്ടാമ്പിയില്‍നിന്ന് പെരിന്തല്‍മണ്ണ, വളാഞ്ചേരി, ചെര്‍പ്പുളശ്ശേരി ഭാഗങ്ങളിലേക്കുള്ള പ്രധാന ടൗണാണ് കൊപ്പം. ഒരു പൊലിസുകാരന്‍ മാത്രമാണ് ടൗണില്‍ പലപ്പോഴും ഗതാഗതനിയന്ത്രണത്തിനായുള്ളത്. നാലുഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഒരേസമയം നിയന്ത്രിക്കുകയെന്നത് ഏറെ ദുഷ്‌കരവുമാണ്.
രാവിലെയും വൈകുന്നേരങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ചിലദിവസങ്ങളില്‍ അനുഭവപ്പെടാറുള്ളത്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യസമയത്ത് ട്രാഫിക് പൊലിസിന്റെ സേവനം ഇല്ലാത്തതും, അതു കാരണമുണ്ടാകുന്ന വാഹനങ്ങളുടെ നീണ്ടനിരകളും കാരണം കൊപ്പം ടൗണ്‍ വീര്‍പ്പു മുട്ടും. ബസുകളുടെ അശാസ്ത്രിയമായ സ്റ്റോപ്പുകളും ടാക്‌സി സ്റ്റാന്‍ഡും അലക്ഷ്യമായ പാര്‍ക്കിങും ഗതാഗത കുരുക്കിന്റെ മുഖ്യകാരണമാവുന്നു.
അനുബന്ധ സൗകര്യങ്ങളൊരുക്കാതെ ട്രാഫിക് സിഗ്‌നലുകള്‍കൊണ്ട് ഒരു പ്രയോജനവുമില്ല. റോഡിന്റെ വീതിക്കുറവുകാരണം ഫ്രീ ലെഫ്റ്റ് സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. ട്രാഫിക് പൊലിസിന്റെ സ്ഥിര സാനിധ്യം തിരക്കൊഴിവാക്കാന്‍ ഏറെ പ്രയോജനപ്പെടും. ഒപ്പം അനധികൃതപാര്‍ക്കിങ്ങിനെതിരേ കര്‍ശന നടപടിയും സ്വീകരിക്കണം. റോഡിനിരുവശവും വീതികുറവായതിനാല്‍ സിഗ്‌നല്‍ ലൈറ്റിന്റെ പ്രവര്‍ത്തനം വിപരീത ഫലമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഗുണകരമായ ഗതാഗതപരിഷ്‌കാരം ടൗണില്‍ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."