ഡല്‍ഹിക്കടുത്ത് അന്ധനായ ഇമാമിനെയും ഭാര്യയെയും വെട്ടിക്കൊന്നു
ന്യൂഡല്‍ഹി: ഹരിയാനയിലെ സൊണിപത്തില്‍ അജ്ഞാതര്‍ പള്ളി ഇമാമിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സൊണിപത്തിലെ മനിക് മജിരി ഗ്രാമത്തിലെ പള്ളിയിലെ ഇമാം മൗലവി മുഹമ്മദ് ഇര്‍ഫാന്‍ (26), ഭാര്യ യാസ്മിന്‍ (22) എന്നിവരാണ് കൊല്ലപ്പെട്ടത്.
കാഴ്ചയുടെ ശേഷി പകുതി കുറവുള്ളയാളാണ് ഇമാം. രണ്ടുപേരുടെയും മൃതദേഹം ഞായറാഴ്ച രാവിലെയാണ് ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമത്തിലെ പള്ളിയില്‍ രണ്ടുവര്‍ഷമായി ഇമാമായി സേവനം ചെയ്യുന്ന ഇര്‍ഫാന്റെ വിവാഹം കഴിഞ്ഞ വര്‍ഷമാണ് നടന്നത്. അതിനുശേഷം പള്ളിയോട് ചേര്‍ന്നുള്ള മുറിയിലാണ് ഭാര്യക്കൊപ്പം അദ്ദേഹത്തിന്റെ താമസം. ഈ മുറിയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ഗ്രാമീണര്‍ സുബ്ഹി നിസ്‌കാരത്തിനായി പള്ളിയിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. പള്ളിയില്‍ ഇമാമിനെ കാണാതായതോടെ അന്വേഷിക്കുകയും മുറി തുറന്നപ്പോള്‍ ചോരയില്‍ കളിച്ചുകിടക്കുന്ന മൃതദേഹം കാണപ്പെടുകയുമായിരുന്നു.
ഉടന്‍ പൊലിസെത്തി പരിശോധിച്ചു. മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. മൂര്‍ച്ചയേറിയ ആയുധങ്ങളാണ് കൊലക്കുപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലക്കു പിന്നില്‍ ഒന്നിലധികം ആളുകളുണ്ടാവാമെന്നും പൊലിസ് പറഞ്ഞു. മോഷണമല്ല കൊലക്കു പിന്നിലെന്ന് പൊലിസ് സ്ഥിരീകരിച്ചു.
കൊലയാളികളെ കുറിച്ചോ ക്രൂരകൃത്യത്തിന് പിന്നിലുള്ള പ്രേരണയോ വ്യക്തമായിട്ടില്ല.
ശനിയാഴ്ച രാത്രി പ്രദേശത്തെ രണ്ടു വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ രൂക്ഷമായ വാക്കുതര്‍ക്കം നടന്നിരുന്നു. ഇമാം ഇടപെട്ട് വിഷയം ഒതുക്കിതീര്‍ക്കുകയും ഇരുവിഭാഗത്തെയും ഇമാം പിന്തിരിപ്പിക്കുകയും ചെയ്തു.
ഈ സമയം ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ ഇമാമിനെ ഭീഷണിപ്പെടുത്തിയാണ് മടങ്ങിയത്. അതിനാല്‍ സംഭവം വര്‍ഗീയ കൊലയാവാനാണ് സാധ്യതയെന്ന് ഗ്രാമീണര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അജ്ഞാതര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മൂന്നുപേര്‍ അറസ്റ്റിലായതായും പൊലിസ് പറഞ്ഞു. ഇവരുടെ പേരുവിവരങ്ങള്‍ പൊലിസ് വെളിപ്പെടുത്തിയില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രണ്ടുപേരുടെയും മയ്യിത്ത് അടുത്തടുത്തായി മറവുചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."