അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും സുരക്ഷാ സംവിധാനമില്ലാതെ മണലി ജങ്ഷന്‍
പാലക്കാട്: കോയമ്പത്തൂര്‍-പാലക്കാട് ദേശീയപാതയെയും പാലക്കാട്-കോഴിക്കോട് ദേശീയപാതയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക്പാത കടന്നുപോവുന്ന കല്‍മണ്ഡപം മമലി ജങ്ഷന്‍ പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്നു. സുല്‍ത്താന്‍പേട്ട-കല്‍മണ്ഡപം രോഡിലെ പ്രധാന കവലയായിട്ടും കാലങ്ങളായി ഇവിടെ സിഗ്നല്‍സംവിധാനങ്ങളുള്‍പ്പെടെ കടലാസിലൊതുങ്ങുകയാണ്.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് വണ്‍വേയായിരുന്ന ഈ റോഡില്‍ സ്റ്റേഡിയംസ്റ്റാന്റ് വന്നതോടെ ഇരുവശത്തേക്കുമുള്ള ബസ് സര്‍വിസ് തുടങ്ങുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് നടപ്പിലാക്കിയ ഗതാഗതപരിഷ്‌ക്കാരത്തിന്റെ ഭാഗമായി ഒലവക്കോട് ഭാഗത്തുനിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകളും മുനിസിപ്പല്‍സ്റ്റാന്‍ഡില്‍ നിന്നും സ്റ്റേഡിയത്തേക്കുള്ള ബസുകളും മണലിബൈപാസ് വഴി സ്റ്റേഡിയത്തേക്ക് വന്നിരുന്നത് ഈ കവല വഴിയാണ്. എന്നാല്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസുകളും മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്നുള്ള ബസുകളും മാത്രമാണ് ഇതുവഴി സര്‍വിസ് നടത്തുന്നത്.
ഇതിനുപുറമെ മുനിസിപ്പല്‍സ്റ്റാന്‍ഡടച്ചതുമൂലം സ്റ്റേഡിയത്തേക്കു മാറ്റിയ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ബസുകള്‍ പോവുന്നതും ഇതുവഴിയാണ്. വാളയാര്‍, കൊഴിഞ്ഞാമ്പാറ ഭാഗത്തുനിന്നുള്ള സ്വകാര്യബസുകള്‍ കല്‍മണ്ഡപത്തുനിന്നും സ്റ്റേഡിയത്തേക്കെത്തുന്നതും മണലി വഴിയാണ്.
ഇത്രയേറെ ബസുകളടക്കമുള്ള വാഹനങ്ങള്‍ കടന്നുപോവുന്ന പാതയില്‍ വാഹനഗതാഗതനിയന്ത്രണത്തിന് സംവിധാനം സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ നാളിതുവരെ തയ്യാറായിട്ടില്ല. കല്‍മണ്ഡപം ഭാഗത്തുനിന്നും ശരവേഗത്തില്‍ വരുന്ന സ്വകാര്യബസുകളും ഇരുചക്രവാഹനങ്ങളുമാണ് ഇവിടെ മിക്കപ്പോഴും അപകടത്തിനു കാരണമാവുന്നത്. ഇന്റസ്ട്രിയല്‍ ഏരിയയായതിനാല്‍ കല്‍മണ്ഡപം മുതല്‍ സ്റ്റേഡിയംവരെ ഇരുഭാഗത്തും നിറയെ വര്‍ക്ക്‌ഷോപ്പുകളുള്ളതിനാല്‍ ഇവിടം വാഹനങ്ങള്‍ നിര്‍ത്തി പണിയെടുക്കുന്നതും അപകടത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു.
ജങ്ഷനില്‍ ഹൈമാസ്റ്റ് വിളക്കുസ്ഥാപിക്കണമെന്നാവശ്യവും ശക്തമാവുകയാണ്. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ നിരവധി വ്യാപരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കല്‍മണ്ഡപം-സ്റ്റേഡിയം റോഡിലെ മണലി ജംഗ്ഷനില്‍ വാഹനങ്ങളുടെ വേഗതാനിയന്ത്രണത്തിന് സ്പീഡ്‌ബ്രേക്കുകളുള്‍പ്പെടെയുള്ള സംവിധാനങ്ങളും വാഹനഗതാഗതനിയന്ത്രണത്തിന് സിഗ്നല്‍സംവിധാനങ്ങളും സ്ഥാപിക്കണമെന്നാണ് ജനകീയാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."