ജനതാദള്‍ സെക്കുലര്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു
ആലുവ: ജനതാദള്‍ സെക്കുലര്‍ സംസ്ഥാന സെക്രട്ടറി ജനറലിനെ തീരുമാനിക്കാന്‍ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു.
സംസ്ഥാന സെക്രട്ടറി ജനറല്‍ സ്ഥാനത്തിന് അഡ്വ. ജോര്‍ജ് തോമസിനുവേണ്ടി മുന്‍ മന്ത്രി മാത്യു ടി. തോമസും, കൊച്ചി മുന്‍ ഡെപ്യൂട്ടി മേയര്‍ സാബു ജോര്‍ജിന് വേണ്ടി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും നിലകൊണ്ടതാണ് തര്‍ക്കം നീളാന്‍ കാരണം. ജില്ലാ നേതാക്കളുമായും സംസ്ഥാന നേതാക്കളുമായും ഈ കാര്യം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനമെടുക്കാനാകാതെ ദേശീയ അധ്യക്ഷന്‍ ഒടുവില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സി.കെ നാണു എം.എല്‍.എയെ ചുമതലപ്പെടുത്തി.
ജില്ലാ നേതാക്കളുമായി സംസാരിച്ച ശേഷം, എം.എല്‍.എമാരായ മാത്യു ടി. തോമസ്, മന്ത്രി കെ. കൃഷ്ണന്‍കുട്ടി, കെ. നാണു ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ബി.എം ഫാറൂഖ്, നീലലോഹിതദാസന്‍ നാടാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആലുവയില്‍ നടന്ന ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു.
ഭാരവാഹികളടക്കമുള്ളവരുടെ ലിസ്റ്റ് ഏകദേശ ധാരണയായി. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും, സംസ്ഥാന പ്രസിഡന്റ് സി.കെ നാണുവും കമ്മിറ്റിയില്‍ തുടരും. സംസ്ഥാന സെക്രട്ടറി ജനറല്‍ അടക്കമുള്ളവരുടെയും കമ്മിറ്റി ഭാരവാഹികളുടെയും അന്തിമലിസ്റ്റ് ബംഗളൂരുവില്‍ പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."