ഓണസമൃദ്ധി ഉദ്ഘാടനം നാളെ
തൃശൂര്‍: സുരക്ഷിത പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൃഷി ഉദ്യോഗസ്ഥരും കര്‍ഷകരും കൈകോര്‍ക്കുന്ന പച്ചക്കറി വികസന പദ്ധതി ജില്ലയില്‍ ഓണസമൃദ്ധി എന്ന പേരില്‍ നടപ്പിലാക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. നാളെ വൈകിട്ട് മൂന്നിന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയാകും.
ഓണസമൃദ്ധിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കുളള പച്ചക്കറി വിത്തുകളുടെ വിതരണവും മികച്ച പ്രവര്‍ത്തനത്തിന് കാര്‍ഷിക വിജ്ഞാന വ്യാപന ഉദ്യോഗസ്ഥര്‍ക്കുളള അവാര്‍ഡ് ദാനവും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വഹിക്കും.
സന്നദ്ധ സംഘടനകള്‍ക്കുളള പച്ചക്കറി വിത്തുകള്‍ സി.എന്‍ ജയദേവന്‍ എം.പിയും പച്ചക്കറി കൃഷി അനുമതി പത്രം ഇന്നസെന്റ് എം.പി വിതരണം ചെയ്യും. കാര്‍ഷിക പ്രദര്‍ശനം പി.കെ ബിജു എം.പി ഉദ്ഘാടനം ചെയ്യും. ആത്മജൈവ കൃഷിക്കാരുടെ അനുഭവപാഠങ്ങള്‍ എന്ന പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ പ്രകാശനം ചെയ്യും. ജില്ലയിലെ എം.എല്‍.എ. മാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, ജില്ലാ കലക്ടര്‍ വി.രതീശന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കൃഷി ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും കലാപരിപാടികളും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."