'പാകിസ്താനില്‍ പോ, എന്നിട്ടാകാം ഇന്ത്യന്‍ സര്‍ക്കാരിനോടുള്ള പോരാട്ടം'; രാജിവച്ച ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ബി.ജെ.പി നേതാവ്
കര്‍വാര്‍: ജമ്മു കശ്മീരിലെയും മറ്റും ജനാധിപത്യ വിരുദ്ധ പ്രവണത ചൂണ്ടിക്കാട്ടി രാജിവച്ച ഐ.എ.എസ് ഓഫിസര്‍ ശശികാന്ത് സെന്തിലിനെതിരെ രാജ്യദ്രോഹി വിളിയുമായി ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെ. രാജ്യത്തു തുടരാതെ പാകിസ്താനിലേക്കു പോകണമമെന്നും അവിടെ പോയി ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പോരാടിക്കോളൂയെന്നും ഹെഗ്‌ഡെ പറഞ്ഞു.
പാകിസ്താനിലാവുമ്പോള്‍ ആളുകളുടെ പിന്തുണ കിട്ടിക്കോളുമെന്നും ഹെഗ്‌ഡെ പറഞ്ഞു. ഇയാള്‍ കേന്ദ്ര സര്‍ക്കാരിനെ ഫാസിസ്റ്റ് എന്നു വിളിക്കുകയാണെങ്കില്‍, പണം എറിയുന്നവരുടെ രാഗത്തിനൊത്ത് തുള്ളുന്നയാളെന്നു വിളിക്കാന്‍ ഞങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ ഇത്തരം വൃത്തികെട്ട മനസ് അദ്ദേഹം തുറന്നസ്ഥിതിക്ക് ശശികാന്തിനെ പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഹെഗ്‌ഡെ ആവശ്യപ്പെട്ടു. സെന്തിലിനെ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തോടുള്ള വഞ്ചനയാണെന്നും ഹെഗ്‌ഡെ പറഞ്ഞു.
ജനാധിപത്യം മുന്‍പില്ലാത്ത വിധം സന്ധി ചെയ്യുകയാണെന്ന് പറഞ്ഞാണ് ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന 2009 ഐ.എ.എസ് ഓഫിസര്‍ ശശികാന്ത സെന്തില്‍ രാജിവച്ചത്. ചീഫ് സെക്രട്ടറി ഇടപെട്ട് രാജി പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം രാജിയില്‍ ഉറച്ചുനില്‍ക്കുകയാണ്.
കശ്മീരിലെ ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് മലയാളി ഐ.എ.എസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥനും നേരത്തെ രാജിവച്ചിരുന്നു. പുതുപ്പള്ളി സ്വദേശിയായ കണ്ണന്‍ ഗോപിനാഥന്‍ 2012 ബാച്ച് ഉദ്യോഗസ്ഥനാണ്. ദാമന്‍ ദിയുവിലാണ് അദ്ദേഹം ജോലിചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ രാജി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."