മോദി ശിവലിംഗത്തില്‍ ഇരിക്കുന്ന തേള്: ശശി തരൂര്‍
ന്യൂഡല്‍ഹി: ശിവലിംഗത്തിന്റെ മുകളില്‍ ഇരിക്കുന്ന തേളാണ് നരേന്ദ്രമോദിയെന്നും കൈകൊണ്ട് എടുത്തിടാനും ചെരുപ്പുകൊണ്ട് അടിക്കാനും വയ്യാത്ത അവസ്ഥയാണെന്നും ആര്.എസ്.എസ് നേതാവ് പറഞ്ഞതായി കോണ്‍ഗ്രസ് എം.പിയും മുന്‍കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂര്‍.
മോദിയെക്കുറിച്ചുള്ള ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് ബംഗളൂരു സാഹിത്യോത്സവത്തില്‍ സംസാരിക്കവെയാണ് ബി.ജെ.പിയെയും ആര്.എസ്.എസ് നേതൃത്വത്തെയും ചൊടിപ്പിച്ച ശശി തരൂരിന്റെ പരാമര്‍ശങ്ങള്‍. ഒരു ആര്.എസ്.എസ് നേതാവ് മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞ വാക്കുകള്‍ കടമെടുത്തായിരുന്നു തരൂരിന്റെ വിമര്‍ശനം. 'മോദിയെ കുറിച്ച് പേര് വെളിപ്പെടുത്താത്ത ഒരു ആര്.എസ്.എസ് നേതാവ് പറഞ്ഞ സവിശേഷമായ ഒരു വിശേഷണം ഉണ്ട്, ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനെ പോലെയാണ് മോദി. നിങ്ങള്‍ക്ക് കൈ കൊണ്ട് അതിനെ എടുത്തുകളയാനും പറ്റില്ല, ചെരുപ്പുകൊണ്ട് അടിച്ചോടിക്കാനും കഴിയില്ല' ശശി തരൂര്‍ പറഞ്ഞു. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പ്രസംഗത്തിന്റെ വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. പ്രസംഗം പതിവു പോലെ വിവാദമായതോടെ വിശദീകരണവുമായി തരൂര്‍ ട്വിറ്ററിലൂടെ രംഗത്തുവന്നു.
കാരവന് മാഗസിന് എഡിറ്ററും മലയാളിയുമായ വിനോദ് കെ. ജോസിനോടാണ് ആര്.എസ്.എസ് നേതാവ് മോദിയെ ഇങ്ങനെ വിശേഷിപ്പിച്ചതെന്ന് ശശി തരൂര്‍ വ്യക്തമാക്കി.
ആറുവര്‍ഷം മുമ്പുള്ള സംഭവമാണെന്നും സംഘ്പരിവാരത്തിന്റെ പിടിയില്‍ നിന്നുകൊടുക്കാത്ത മോദിയുടെ നടപടിയെ കുറിച്ചായിരുന്നു ആ പരാമര്‍ശമെന്നും തരൂര്‍ വിശദീകരിച്ചു. അതേസമയം, ഏത് ആര്.എസ്.എസ് നേതാവാണ് മോദിയെ കുറിച്ച് ഇങ്ങനെ പറഞ്ഞതെന്ന് തരൂര്‍ വെളിപ്പെടുത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."