മിച്ചഭൂമി വിവാദത്തില്‍ വിശദീകരണവുമായി ജോര്‍ജ് എം. തോമസ് എം.എല്‍.എ
കോഴിക്കോട്: തന്റെ പേരില്‍ മിച്ചഭൂമിയുണ്ടെങ്കില്‍ അതിന്റെ വസ്തുതകള്‍ പുറത്തുവിടട്ടെയെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലാണ് എം.എല്‍.എ തനിക്കെതിരേ ഉയര്‍ന്ന ഭൂമി വിവാദത്തെ പ്രതിരോധിച്ചത്.
1971 ല്‍ കൊടിയത്തൂര്‍ വില്ലേജിലെ ദേവസ്വംകാട് എന്ന സ്ഥലത്ത് റി.സ.1882 ല്‍ പെട്ട സ്ഥലം തന്റെ പിതാവ് വാങ്ങിയതാണെന്നും അതില്‍ പെട്ട നാല് ഏക്കര്‍ ഒന്‍പത് സെന്റ് ഭൂമി എന്റെ പേരില്‍ തരികയും ആയതിന് മലപ്പുറം ലാന്‍ഡ് ട്രൈബ്യൂണലില്‍നിന്ന് തന്റെ പേരില്‍ പട്ടയം ലഭിക്കുകയും ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ പട്ടയവും വിധി പകര്‍പ്പും നികുതി ചീട്ട്, കൈവശാവകാശ രേഖ എന്നിവ സമര്‍പ്പിച്ച് മുക്കം കനറാ ബാങ്കില്‍നിന്ന് വായ്പ എടുത്തിട്ടുണ്ട്. ഈ ഭൂമിയില്‍ 1977 ല്‍ വീട് നിര്‍മിച്ചു സ്ഥിരതാമസമാക്കി.
പിതാവിന്റെ പേരിലുള്ള ഭൂപരിധിയുള്ള നിയമപ്രകാരം ഒഴിവു നല്‍കേണ്ട റബര്‍ തോട്ടത്തെ തെങ്ങിന്‍ തോട്ടമായി തെറ്റായി എഴുതിയാണ് മിച്ചഭൂമി കേസ് ഉണ്ടായത്.
ഇത് സംബന്ധമായി കേസില്‍പെട്ട എല്ലാ ഭൂമികളും ഇപ്പോഴത്തെ കൈവശക്കാരുടേതാണ് എന്ന് ലാന്‍ഡ് ബോര്‍ഡിന് ബോധ്യപ്പെട്ട് വിധി ആയതാണ്.
ഇതിനാല്‍ മിച്ചഭൂമി കേസ് നിലനില്‍ക്കാന്‍ ഇടയില്ലെന്നും ലാന്‍ഡ് ബോര്‍ഡ് യോഗം ചേരാത്തത് കൊണ്ട് മാത്രമാണ് ഇക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയിട്ടുള്ളതെന്നും എം.എല്‍.എ വിശദീകരിക്കുന്നു. എന്നാല്‍ നേരത്തെ നോട്ടിസ് നല്‍കിയിട്ടും എം.എല്‍.എ ലാന്‍ഡ് ബോര്‍ഡിനു മുന്നില്‍ ഹാജരായില്ലെന്ന് ലാന്‍ഡ് ബോര്‍ഡ് മുന്‍ അംഗം പറയുന്നു.
2006 മുതല്‍ 2011 വരെയും 2016 മുതലും എം.എല്‍.എ ആയ ഞാന്‍ എന്റെ കേസില്‍ അനുകൂലമായി വിധി സമ്പാദിക്കാന്‍ ഒരാളോടും യാതൊരു വിധ ശുപാര്‍ശയും നടത്തിയിട്ടില്ലെന്നും എം.എല്‍.എ പറഞ്ഞു. അതിനിടെ, മിച്ചഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."