പിറ്റ്‌സ്ബര്‍ഗ് വെടിവയ്പ്: പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി
വാഷിങ്ടണ്‍: അമേരിക്കയിലെ ജൂതദേവാലയത്തിലുണ്ടായ വെടിവയ്പിനു പിന്നില്‍ വംശീയവാദിയായ 46കാരന്‍. റോബര്‍ട്ട് ബവഴേസ് എന്നു പേരുള്ള പ്രതിക്കെതിരേ കൊലക്കുറ്റമടക്കമുള്ള കേസുകള്‍ ചുമത്തി.
ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കായിരുന്നു പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗിലുള്ള പ്രമുഖ ജൂത ദേവാലയമായ ട്രീ ഓഫ് ലൈഫ് കോണ്‍ഗ്രഗേഷന്‍സിനഗോഗില്‍ തോക്കുധാരിയായ അക്രമി വെടിയുതിര്‍ത്തത്. സംഭവത്തില്‍ 11 വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ ജീവനക്കാരടക്കം നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനിടെ പരുക്കേറ്റ റോബര്‍ട്ടിനെ പൊലിസ് കീഴടക്കുകയായിരുന്നു.
സെമിറ്റിക് മതങ്ങള്‍ക്കെതിരേ നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്നയാളാണ് ഇയാളെന്നു പൊലിസ് പറഞ്ഞു. കൊലപാതകത്തിനു പുറമേ മതചടങ്ങ് തടസപ്പെടുത്തുക, തോക്ക് ഉപയോഗിക്കുക തുടങ്ങി വേറെയും കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പ്രതിക്കു വധശിക്ഷവരെ ലഭിക്കാനിടയുള്ള വിദ്വേഷക്കുറ്റങ്ങള്‍കൂടി ചുമത്തുമെന്നു പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തെ ഒരു കൂട്ടക്കൊലയാളിയുടെ വിവരംകെട്ട പ്രവര്‍ത്തനമെന്നാണ് യു.എസ് പ്രസി ഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. സംഭവത്തിലെ ഇരകള്‍ക്കായി ഇസ്‌റാഈല്‍ പാര്‍ലമെന്റ് മൗനമാചരിച്ച് അനുശോചനം രേഖപ്പെടുത്തി.
സംഭവം നടന്ന സ്‌ക്വിറല്‍ ഹില്‍ പ്രദേശത്തുനിന്നു ജനങ്ങളെയെല്ലാം ഒഴിപ്പിച്ചിരുന്നു. ന്യൂയോര്‍ക്ക് സിറ്റി, ലോസ് ആഞ്ജല്‍സ്, ചിക്കാഗോ, ഫിലാഡല്‍ഫിയ തുടങ്ങിയ സ്ഥലങ്ങളിലെ മതസ്ഥാപനങ്ങള്‍ക്കു സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്.
ഇരകള്‍ക്ക് ധനസമാഹരണവുമായി മുസ്‌ലിം സമൂഹം
പിറ്റ്‌സ്ബര്‍ഗ്: അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് ജൂതദേവാലയത്തിലെ വെടിവയ്പിനിരയായവര്‍ക്കായി കൂട്ട ധനസമാഹരണവുമായി മുസ്‌ലിം സമൂഹം. മുസ്‌ലിം ധനസമാഹരണ വെബ്‌സൈറ്റായ 'ലോഞ്ച് ഗുഡ് ' ആണ് പരുക്കേറ്റവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുമായി ക്രൗഡ് ഫണ്ടിങ് കാംപയിന്‍ ആരംഭിച്ചത്.
സന്നദ്ധ സംഘടനയായ 'സെലിബ്രേറ്റ് മേഴ്‌സി'യുടെ സ്ഥാപകനും പ്രഭാഷകനുമായ ടര്‍ക്ക് അല്‍ മസീദിയാണ് കാംപയിനിനു നേതൃത്വം നല്‍കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും പ്രചരിപ്പിക്കുന്ന സംഘടനയാണ് 'സെലിബ്രേറ്റ് മേഴ്‌സി'. 25,000 യു.എസ് ഡോളര്‍ (18,28,375 രൂപ) സമാഹരിക്കുകയായിരുന്നു കാംപയിന്‍ വഴി ലക്ഷ്യമിട്ടത്. വെറും ആറു മണിക്കൂര്‍കൊണ്ട് ഈ ലക്ഷ്യം പിന്നിട്ടതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. തുടര്‍ന്നു സമാഹരണ ലക്ഷ്യം 50,000 യു.എസ് ഡോളറാക്കി ഉയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."