കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പുരിനെതിരേ
ജംഷഡ്പൂര്‍: ഐ.എസ്.എല്‍ അഞ്ചാം സീസണിലെ രണ്ടാം എവേ പോരാട്ടാത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. പോയിന്റ് പട്ടികയിലെ ആറാം സ്ഥാനക്കാരായ ജംഷഡ്പുര്‍ എഫ്.സിയാണ് ഇന്ന് നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ആദ്യ മത്സരത്തില്‍ എ.ടി.കെയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സിന് കൊച്ചിയില്‍ നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഒരു ഗോള്‍ ലീഡ് നേടിയ ശേഷം അവസാന മിനുട്ടുകളില്‍ ഗോള്‍ വഴങ്ങിയതിനാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളും സമനിലയില്‍ അവസാനിപ്പിക്കേണ്ടി വന്നു. വെകിട്ട് 7.30ന് ജംഷഡ്പുര്‍ എഫ്.സിയുടെ ഹോംഗ്രൗണ്ടായ ജെ.ആര്.ഡി ടാറ്റ സ്പോര്‍സ് കോംപ്ലക്സിലാണ് മത്സരം. നാല് മത്സരങ്ങള്‍ കളിച്ച ജംഷഡ്പുരിനും ഒരു ജയവും മൂന്ന് സമനിലയുമാണ് സമ്പാദ്യം. മുന്‍ ആസ്ത്രേലിയന്‍ താരം ടിം കാഹിലിന്റെ നേതൃത്വത്തിലുള്ള ജംഷഡ്പുര്‍ മുന്നേറ്റനിരയെ തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ സന്ദേശ് ജിങ്കാനൊപ്പം മലയാളി താരം അനസ് എടത്തൊടികയെയും ഇറക്കാനാണ് സാധ്യത. ടീമില്‍ മറ്റു മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."