വിഭാഗീയത കനത്തു; കോഴിക്കോട്ടെ ബി.ജെ.പിയില്‍ പൊട്ടിത്തെറി
സ്വന്തം ലേഖകന്‍
കോഴിക്കോട്: രൂക്ഷമായ വിഭാഗീയതയെ തുടര്‍ന്ന് ബി.ജെ.പിയില്‍ വന്‍പൊട്ടിത്തെറി. ഭാരവാഹികള്‍ ഉള്‍പ്പെടെ കോഴിക്കോട്ടെ 250 ഓളം പേര്‍ രാജി ഭീഷണി മുഴക്കി. അടുത്ത ദിവസം തന്നെ പാര്‍ട്ടി വിടുമെന്ന് ഇവര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയെ പിന്തുണക്കുന്നവരും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഗ്രൂപ്പുകാരും തമ്മിലുള്ള പോര് രൂക്ഷമായതാണ് പാര്‍ട്ടിയില്‍ വന്‍ കൊഴിഞ്ഞുപോക്കിന് കളമൊരുക്കിയത്.
ശ്രീധരന്‍പിള്ളയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ഭാരവാഹികളും പ്രവര്‍ത്തകരുമാണ് ബി.ജെ.പി വിടാനൊരുങ്ങുന്നത്. വി. മുരളീധരന്‍ കേന്ദ്ര മന്ത്രിയായതോടെ മേല്‍ക്കൈ നേടിയ മുരളീധരന്‍ വിഭാഗത്തിനെതിരേയാണ് കോഴിക്കോട് ഘടകത്തില്‍ കലാപക്കൊടി. ബേപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്കിന്റെ വി. മുരളീധരന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രനെ ക്ഷണിച്ചിരുന്നില്ല. എന്നിട്ടും പിള്ളയെ പിന്തുണക്കുന്ന ജയചന്ദ്രന്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി ഭീഷണി.
അതേസമയം, മുരളീധരന്‍ വിഭാഗത്തിന്റെ ആധിപത്യത്തിനെതിരേ ശ്രീധരന്‍പിള്ള മൃദുസമീപനം സ്വീകരിക്കുകയാണെന്നും ആക്ഷേപമുണ്ട്. കോഴിക്കോട് ജില്ലയില്‍ ശ്രീധരന്‍പിള്ളയേക്കാള്‍ മുരളീധരന്‍ വിഭാഗത്തിനാണ് മുന്‍തൂക്കം. മുരളീധരന്‍ കേന്ദ്രമന്ത്രിയായതോടെ ഈ വിഭാഗത്തിന്റെ മേല്‍ക്കൈ വര്‍ധിച്ചതും പ്രശ്‌നം രൂക്ഷമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."