അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു. എക്‌സൈസ് ചെക്ക് പോസ്റ്റുകളിലെയും മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകളിലെയും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയ ശേഷം അമിതഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നികുതി കുറച്ചു നല്‍കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വിജിലന്‍സ് ഡയരക്ടര്‍ അനില്‍കാന്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയില്‍ പല ചെക്ക് പോസ്റ്റുകളില്‍നിന്നും കണക്കില്‍പ്പെടാത്ത പണം വിജിലന്‍സ് കണ്ടെത്തി. ചില ഓഫിസുകളില്‍ വിജിലന്‍സ് പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കുവാന്‍ യഥാര്‍ഥ തുക കുറച്ചു കാണിക്കുന്നത് കാരണം കാഷ് രജിസ്റ്ററും ഓഫിസിലെ തുകയില്‍ കുറവുള്ളതായും ചില ഓഫിസുകളില്‍ കൈക്കൂലി ലഭിക്കുന്ന തുകകള്‍ അപ്പപ്പോള്‍ മാറ്റുന്നതായും വിജിലന്‍സ് കണ്ടെത്തി.
പാലക്കാട് ജില്ലയിലെ വാളയാര്‍ മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കാഷ് കൗണ്ടറിലെ തുക ബില്‍ പ്രകാരമുള്ള തുകയേക്കാള്‍ 20,000 രൂപ കുറവാണെന്നും ഈ തുക കണ്ടെത്തുന്നതിനായി തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത മുറിയില്‍ നിന്നും 10,000 രൂപയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പക്കല്‍നിന്നും കണക്കില്‍പ്പെടാത്ത നിലയില്‍ 2,500 രൂപയും വിജിലന്‍സ് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ കളക്ഷന്‍ തുകയും കൈക്കൂലിയായി ലഭിക്കുന്ന തുകയും അപ്പപ്പോള്‍ കാഷ് കൗണ്ടറില്‍നിന്നും മാറ്റുന്നതിനാല്‍ കുറവ് വരുന്നതായും ഡ്യൂട്ടി കഴിയുന്ന സമയം തുക ഒത്തുനോക്കി ബില്‍ പ്രകാരമുള്ള സര്‍ക്കാരിലേക്ക് അടക്കുന്നതായും ബാക്കിവരുന്ന കൈക്കൂലി തുക ഉദ്യോഗസ്ഥര്‍ വീതിച്ചെടുക്കുന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
വയനാട് ജില്ലയിലെ തോല്‍പ്പെട്ടി മോട്ടോര്‍വാഹന ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 10,070 രൂപ വിജിലന്‍സ് കണ്ടെത്തി. ചില ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്ക് പ്രവേശിക്കുമ്പോള്‍ തന്നെ കൈക്കൂലിയായി കിട്ടാന്‍ സാധ്യതയുള്ള തുക മുന്‍കൂട്ടി കണ്ട്, ഡ്യൂട്ടിക്ക് പ്രവേശിക്കുമ്പോള്‍ കൈവശമുള്ള തുക എഴുതേണ്ട കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ കൂട്ടി എഴുതുന്നതായും വിജിലന്‍സ് കണ്ടെത്തി.
കൊല്ലം ജില്ലയിലെ ആര്യങ്കാവ് മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ സ്വകാര്യ ഏജന്റ് മോട്ടോര്‍വാഹന ഓഫിസിലിരുന്ന് ബില്ലുകളിലും ജി.ഡി.ആറിലും സീല്‍ പതിച്ചു നല്‍കുന്നതായും ഇയാളുടെ പക്കലുണ്ടായിരുന്ന ബുക്കില്‍ നിന്നും 5,450 രൂപയും വിജിലന്‍സ് കണ്ടെത്തി. കൂടാതെ ഇവിടത്തെ വേയ്ബ്രിഡ്ജ് മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്നും അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയശേഷം കടത്തിവിടുന്നതായും വിജിലന്‍സ് കണ്ടെത്തി.
ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ലോറി ക്ലീനര്‍മാര്‍ ആര്‍സി ബുക്കിനകത്തു 200 രൂപ മുതല്‍ 500 രൂപ വരെ വച്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ അമരവിള മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ പരസ്പരം ധാരണയിലെത്തിയ ശേഷം തുടര്‍ച്ചയായി നാലും അഞ്ചും ദിവസം ഡ്യൂട്ടി നോക്കുന്നതായും മേലുദ്യോഗസ്ഥര്‍ ഈ ഓഫിസില്‍ പരിശോധനകള്‍ നടത്തുന്നില്ലായെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളെ പറ്റിയും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേയും വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു കൈമാറുമെന്നും വരുംദിവസങ്ങളിലും ഓണത്തോടനുബന്ധിച്ച് ഇത്തരം പരിശോധനകള്‍ തുടരുമെന്നും വിജിലന്‍സ് ഡയരക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."