തയ്യല്‍ ജോലിയില്‍ അരനൂറ്റാണ്ട്; നാണു മേസ്ത്രിക്ക് ആദരം
കൂത്തുപറമ്പ്: തയ്യല്‍ ജോലിയില്‍ അരനൂറ്റാണ്ടു പിന്നിടുക എന്നതു അപൂര്‍വ കാര്യമല്ല. എന്നാല്‍ ഇക്കാലയളവില്‍ തന്റെ ഇടപാടുകാരായവരെ ഒരുമിച്ചു കൂട്ടി ജോലിയുടെ 50ാം വാര്‍ഷികം ആഘോഷിച്ചത് ഒരപൂര്‍വതയാണ്. പൂക്കോട്ടെ ഉഷ ടൈലേഴ്‌സ് ഉടമ നാണു മേസ്ത്രി തയ്യല്‍ ജോലി തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. മാതൃസഹോദരിയുടെ മകനും പാട്യം പുതിയതെരുവിലെ തയ്യല്‍ക്കാരനുമായ കുമാരന്‍ ആയിരുന്നു ഗുരു. പിന്നീട് പൂക്കോട് ഉഷ ടൈലേഴ്‌സ് തുടങ്ങി. തലശ്ശേരി, ഇരിട്ടി, ചൊക്ലി, പാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വ്യാപിച്ചുകിടക്കുന്നതാണ് ഇദ്ദേഹത്തിന്റെ തയ്യല്‍പെരുമ. ഇവരില്‍ ഭൂരിഭാഗവും അധ്യാപകരും ഉദ്യോഗസ്ഥരും.
ജോലിയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ചു നാണു മേസ്ത്രിയുടെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചും കാര്യം കേട്ടറിഞ്ഞും ഇദ്ദേഹത്തിന്റെ ഇടപാടുകാരായ നൂറുകണക്കിനാളുകളാണ് ഇന്നലെ ഉഷ ടൈലേഴ്‌സിലെത്തിയത്. ശിഷ്യന്റെ ജീവിതത്തിലെ അസുലഭ നിമിഷത്തില്‍ പങ്കാളിയാകാന്‍ ഗുരു കുമാരനും എത്തിയിരുന്നു. വസ്ത്രങ്ങള്‍ തയ്ക്കുന്നതിലെ പ്രത്യേകത കൊണ്ടാണ് ദൂരസ്ഥലങ്ങളില്‍ നിന്നുപോലും തങ്ങള്‍ ഇവിടേക്കു എത്തുന്നതെന്ന് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ പറഞ്ഞു. അമ്പതാം വാര്‍ഷിക ദിനത്തില്‍ കടയില്‍ എത്തിയവര്‍ക്കെല്ലാം നാണു മേസ്ത്രി സ്‌നേഹ സമ്മാനങ്ങള്‍ നല്‍കി. ചിലര്‍ തിരിച്ചും സമ്മാനങ്ങള്‍ കൈമാറി. 75ാം വയസിലും നാണു മേസ്ത്രി തയ്യല്‍ ജോലിയില്‍ സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."