മഴ കനക്കുന്നു: ദുരിതംപേറി ജില്ല
കാസര്‍കോട്: രണ്ടു ദിവസങ്ങളിലായി തിമിര്‍ത്തുപെയ്യുന്ന കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശം. കാസര്‍കോട് നഗരത്തില്‍ കനത്ത മഴയോടൊപ്പം അതിശക്തമായ കാറ്റു വീശി. കസബ കടപ്പുറത്ത് രണ്ട് വീടുകള്‍ തകര്‍ന്നു.
കാസര്‍കോട് കടപ്പുറത്തും മുസോടി അതിക്ക കടപ്പുറത്തും രൂക്ഷമായ കടലാക്രമണമുണ്ടായി. ജില്ലയുടെ വിവിധ മേഖലകളില്‍ മരങ്ങള്‍ വീണും മറ്റും വൈദ്യുതി ബന്ധം താറുമാറായി. കനത്തമഴയിലും കാറ്റിലും വ്യാപക കൃഷിനാശവും ഉണ്ടായി.
മഴയില്‍ മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് പുഴ കരകവിഞ്ഞൊഴുകി. ഇതോടെ ഇതുവഴിയുള്ള വാഹനഗാതഗതം നിലച്ചു. കടവത്ത്, പടിഞ്ഞാര്‍, മൊഗര്‍ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കാസര്‍കോട് കടപ്പുറം ഫിഷറീസ് കോളനിയില്‍ കാറ്റാടിമരം കടപുഴകി വീണ് പുഷ്പയുടെ വീട് ഭാഗികമായി തകര്‍ന്നു. അടുക്കത്ത് ബയല് കുറുംബാ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഭാനുമതിയുടെ വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടില്‍ ആരുമില്ലാത്തതിനാല്‍ വന്‍ അപകടം വഴിമാറി.
ബദിയഡുക്ക: കനത്ത മഴയില്‍ ബദിയഡുക്ക മേഖലയില്‍ മുന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. മണ്ണിടിഞ്ഞ് വീടിന് സമീപത്തെ കിണര്‍ താഴ്ന്നു. കാര്‍ഷിക വിളകള്‍ കാറ്റ് കശക്കിയെറിഞ്ഞു.
ഞായറാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ ആഞ്ഞടിച്ച ചുഴലികാറ്റില്‍ നീര്‍ച്ചാലിന് സമീപം ഏണിയര്‍പ്പിലെ സുശീലയുടെ ഓട് മേഞ്ഞ വീട് ഭാഗികമായി തകര്‍ന്നു.
വീടിനോട് ചേര്‍ന്നുള്ള ശൗചലായം നിലംപൊത്തി. നൂറ് മീറ്റര്‍ അകലെയുള്ള കുമാരന്റെ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.
ബിര്‍മ്മിനടുക്കയിലെ അബ്ദുള്‍ ഖാദറിന്റെ മകള്‍ മൈമുനയുടെ വീടിന് കേട്പാട് സംഭവിച്ചു. ചിമ്മിനിയടുക്കയിലെ ആദംകുഞ്ഞിയുടെ വെറ്റില കൃഷിയും വാഴകളും പൂര്‍ണ്ണമായി കാറ്റ് കശക്കിയെറിഞ്ഞു.
ബദിയഡുക്കക്ക് സമീപം മൂക്കംപാറയില്‍ ഓവുചാലിന്റെ പര്ശ്വ ഭിത്തി തകര്‍ന്ന് സമീപത്തെ ആറോളം വീടുകളില്‍ വെള്ളം കയറി.
ബദിയഡുക്ക ചെന്നാര്‍ക്കട്ടയിലെ ഉപേന്ദ്രയുടെ വീടിനോട് ചേര്‍ന്ന ശൗചാലയത്തിന്റെ സ്ലാബ് തകര്‍ന്നു. കന്യപ്പാടിക്ക് സമീപം തലപ്പനാജെയിലെ നാരായണ നായക്കിന്റെ വീടിന് ചേര്‍ന്ന് കിടക്കുന്ന കിണര്‍ മണ്ണിടിഞ്ഞ് താഴ്ന്നു.
മോട്ടര്‍ മണ്ണിനടിയിലായി. വീടിന് സമീപത്ത് നിന്നും മണ്ണിടിച്ചലുണ്ടാകാത്തത് ദുരന്തം ഒഴിവായി. ബേളയ്ക്ക് സമീപം ചിമ്മിനിയഡുക്കയിലെ ഇബ്രാഹിമിന്റെ മകന് മുഹമ്മദിന്റെ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."