ജനകീയ കോടതിയില്‍ ജയിക്കില്ലെന്ന് ബി.ജെ.പിക്കറിയാം: കുഞ്ഞാലിക്കുട്ടി
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരുമെന്ന ബി.ജെ.പിയുടെ നിലപാടിനെ വിമര്‍ശിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജനകീയ കോടതിയില്‍ വിജയിക്കില്ലെന്ന തിരിച്ചറിവ് ഉള്ളതിനാലാണ് ബി.ജെ.പി ഈ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് ടി.എം ജേക്കബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്നു ബി.ജെ.പിക്കറിയാം. അതിനാല്‍, എളുപ്പവഴിയിലൂടെ ജയം കിട്ടുമോയെന്നു നോക്കുകയാണ്. കേസ് നിയപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു ഭരണനേട്ടം പറയാനില്ലാത്തതിനാല്‍ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് കുടിലതന്ത്രം പയറ്റുകയാണെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
മതപരമായും ജാതീയമായും ഭിന്നിപ്പിക്കാനാണ് ഇരു സര്‍ക്കാരുകളും ശ്രമിക്കുന്നത്. ബാബരി മസ്ജിദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ദേശീയതലത്തില്‍ ബി.ജെ.പി ഭിന്നിപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ശബരിമലയില്‍ ജാതീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ശബരിമല വിഷയം പരിഹരിക്കുന്നതിനു പകരം പ്രശ്‌നം വഷളാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കേരള സര്‍ക്കാര്‍ വിശ്വാസ സംരക്ഷണത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന ഇരുകൂട്ടര്‍ക്കും കണക്കുകള്‍ തെറ്റും.
പ്രതിസന്ധി ഘട്ടങ്ങളില്‍ അതു തരണം ചെയ്യാന്‍ കഴിവും പ്രതിബദ്ധതയുമുള്ള നേതാവായിരുന്നു ടി.എം ജേക്കബെന്ന് അനുസ്മരിച്ച അദ്ദേഹം, ഇന്ന് പ്രതിസന്ധി വരുമ്പോള്‍ ഫലപ്രദമായി നേരിടാന്‍ പറ്റുന്ന ഒരാള്‍പോലും കേരള മന്ത്രിസഭയില്‍ ഇല്ലെന്നതാണ് അവസ്ഥയെന്നും കൂട്ടിച്ചേര്‍ത്തു.
കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അധ്യക്ഷനായി. ഡോ. കെ.എസ് രാധാകൃഷ്ണന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, ഡെയ്‌സി ജേക്കബ്, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ്, കെ.ജി പുരുഷോത്തമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."